Skip to main content

സ്ത്രീശാക്തീകരണത്തിന് ‘നയീ ചേതന 5.0’; ജില്ലാതല കുടുംബശ്രീ ക്യാമ്പയിന് തുടക്കം

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനുമെതിരെ അവബോധം സൃഷ്ടിച്ച് സ്ത്രീസുരക്ഷ, സമത്വം, സാമ്പത്തിക സ്വാശ്രയത്വം തുടങ്ങിയവ ഉറപ്പാക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'നയീ ചേതന 5.0' ജില്ലാതല ക്യാമ്പയിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 23 വരെ നടക്കുന്ന ക്യാമ്പയിന്റെ ജില്ലാതല പോസ്റ്റർ പ്രകാശനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. മലപ്പുറം ഡി.ടി.പി.സി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി നിർവഹിച്ചു. ജില്ലയിലുടനീളം സ്ഥാപിക്കുന്ന സെൽഫി പോയിന്റുകളുടെ ഉദ്ഘാടനം പി.കെ നവാസ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ മികച്ച സംരംഭകരെ ആദരിച്ചു. ജില്ലയിലെ സി.ഡി.എസ് ചെയർപേഴ്സൺമാർ, മെമ്പർ സെക്രട്ടറിമാർ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യം, സ്വത്തവകാശം, സുരക്ഷിതമായ സഞ്ചാരം, തീരുമാനമെടുക്കുന്നതിലുള്ള പങ്കാളിത്തം തുടങ്ങിയവ ഉറപ്പാക്കുന്നതിനാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ, ലിംഗസമത്വം, നിയമപരമായ സംരക്ഷണം, സർക്കാർ പദ്ധതികൾ തുടങ്ങിയവ സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടപ്പാക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്, സി.ഡി.എസ്, ജെൻഡർ റിസോഴ്സ് സെന്ററുകൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ. 'വികസിത ഭാരതത്തിനായി ഉപജീവനമാർഗങ്ങളിലൂടെയും തുല്യ അവസരങ്ങളിലൂടെയും സ്ത്രീശാക്തീകരണം' എന്ന ആശയത്തെ അടിസ്ഥാനമാക്കി നാലാഴ്ചകളിലായി വ്യത്യസ്ത പ്രമേയങ്ങളിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ സി.ഡി.എസുകളിലും ക്യാമ്പയിൻ ഉദ്ഘാടനം, പോസ്റ്റർ പ്രകാശനം, റാലി, സംരംഭകരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടന്നു.

date