പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമത്തിന് തുടക്കം
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്ഷീരസംഗമത്തിന് കുട്ടികൾക്കായുള്ള 'ശലഭക്കൂട്ട്' കളറിങ് മത്സരത്തോടെ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ മത്സരം ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷ പ്രബീന ഹബീബ് അധ്യക്ഷത വഹിച്ചു.
ക്ഷീരസംഗമത്തിന്റെ ഭാഗമായി നവംബർ 27-ന് സ്കൂൾ വിദ്യാർഥികൾക്കായി ഡയറി എഡ്യൂ ക്വിസ് മത്സരം പുത്തനങ്ങാടി സെന്റ് ജോസഫ് സ്കൂളിൽ നടക്കും. നവംബർ 28-ന് പുലാമന്തോൾ പഞ്ചായത്തിലെ ചീരട്ടാമലയിൽ നടക്കുന്ന ക്ഷീരസംഗമവും സെമിനാറും നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എം.എൽ.എ വിശിഷ്ടാതിഥിയാകും. അന്നേദിവസം ക്ഷീരകർഷകർക്കായി മെഡിക്കൽ ക്യാമ്പ്, ഡയറി എക്സ്പോ, പാലുൽപ്പന്ന നിർമാണ പ്രദർശനം, നിർധനനായ വ്യക്തിക്ക് ഉപജീവനത്തിനായി പശു നൽകുന്ന 'സ്നേഹനിധി' പശു വിതരണം തുടങ്ങിയവയും നടക്കും.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീന, ഷാജി കട്ടുപ്പാറ, ബാവ ബഷീർ, പുലാമന്തോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീബ് വളപുരം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഇസ്സുദ്ധീൻ, ഉമ്മു സൽമ, പഞ്ചായത്ത് അംഗം റാഷിദ, സീനിയർ ഡയറി എക്സ്റ്റൻഷൻ ഓഫീസർ മഹ്റൂഫ്, ക്ഷീരസംഘം പ്രതിനിധികളായ ബിൻസി ജോസഫ്, സുഹൈൽ, എം.കെ അസീസ്, ഹംസ, ബഷീർ, കബീർ, പ്രീത തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments