കർഷകർക്ക് കൈത്താങ്ങായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്; പാടശേഖരങ്ങളിൽ ഡ്രോൺ സ്പ്രേയിങ് പദ്ധതിക്ക് തുടക്കം
കാർഷിക മേഖലയിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'പാടശേഖരങ്ങൾക്ക് ഡ്രോൺ സ്പ്രേയിങ്' പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. 2026-27 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കർഷക കൂട്ടായ്മകൾക്ക് കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് വളം തളിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലാളി ക്ഷാമം നേരിടുന്ന ഘട്ടത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യതയോടെ വളം തളിക്കാനും സമയവും ചെലവും ലാഭിക്കാനും രാസവളങ്ങൾ നേരിട്ട് തളിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും പദ്ധതി സഹായിക്കും.
ഏലംകുളം പാടശേഖരത്തിൽ നടന്ന പരിപാടിയിൽ ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി ഷഹീന മോൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ പ്രബീന ഹബീബ്, ഏലംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭാരതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. വി.പി ജലീൽ, ഷീന പുലാക്കൊടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കമറുദ്ദീൻ, അനിത പള്ളത്ത്, പാടശേഖര സമിതി പ്രതിനിധി നാസർ, ബ്ലോക്ക് അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ റജീന, കൃഷി ഓഫീസർ മുഫീദ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments