Skip to main content

വ്യവസായ നിക്ഷേപക സംഗമം ഉദ്ഘാടനം പരാജയങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോയാല്‍ വിജയം കൈവരിക്കാനാവും:  -മന്ത്രി.കെ.കൃഷ്ണന്‍കുട്ടി

    
വ്യവസായ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ കുറവുകള്‍ മനസിലാക്കി പരാജയങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോയാല്‍ വിജയം കൈവരിക്കാനാവുമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വ്യവസായ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭീമമായ മുതല്‍മുടക്കില്ലാതെ പ്രാദേശികമായി ലഭിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കാന്‍ കഴിയുന്ന ഉല്‍പന്നങ്ങള്‍ പരീക്ഷിക്കുകയാണെങ്കില്‍ ഉല്‍പാദകര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കാനാവും. ഉല്‍പന്നങ്ങളുടെ വിപണിയിലുള്ള സാധ്യതകള്‍ മനസിലാക്കിയാവണം സംരംഭം തുടങ്ങേണ്ടതെന്നും മന്ത്രി പറഞ്ഞു. 
മികച്ച ആശയങ്ങള്‍ക്ക് ലോകത്തെവിടെയും സ്വീകാര്യതയുണ്ടാവുമെന്ന് പരിപാടിയില്‍ അധ്യക്ഷനായ ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സമൂഹത്തിനെ പുരോഗതിയുണ്ടാവൂ. മികച്ച ആശയങ്ങളുള്ളവര്‍ക്ക് സാങ്കേതികവിദ്യയും നവമാധ്യമങ്ങളും ഏറെ സഹായകമാണെന്നും എം.എല്‍.എ പറഞ്ഞു.
വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനും നിലവിലെ സംരംഭങ്ങള്‍ അഭിവൃദ്ധിപ്പെടുത്താനും ആഗ്രഹിക്കുന്നവര്‍ക്കായി സംഘടിപ്പിച്ച സംഗമത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കി വികസനം നടപ്പിലാക്കുക, വ്യവസായങ്ങള്‍ തുടങ്ങുമ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി വാങ്ങുക എന്നിവ സംബന്ധിച്ച് മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍വയണ്‍മെന്‍റല്‍ എഞ്ചിനീയര്‍ എം.എന്‍.കൃഷ്ണന്‍ ക്ലാസെടുത്തു. വ്യവസായം തുടങ്ങുന്നതിനാവശ്യമായ വായ്പ എടുക്കുന്നതെങ്ങനെ, ഏതെല്ലാം വായ്പകളാണ് നിക്ഷേപകര്‍ക്കായുള്ളത് എന്നിവ സംബന്ധിച്ച് ലീഡ് ബാങ്ക് മാനേജര്‍ ഡി.അനില്‍ സംരംഭകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. കൂടാതെ ജി.എസ്.ടി, അഗ്നിശമന സേനാ വകുപ്പിന്‍റെ നടപടിക്രമങ്ങള്‍, വ്യവസായ വകുപ്പിന്‍റെ പദ്ധതികള്‍,  സേവനങ്ങള്‍ എന്നിവയെക്കുറിച്ചും വിദഗ്ധര്‍ നിക്ഷേപകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
    ഹോട്ടല്‍ ഗസാലയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനെജര്‍ ജി.രാജ്മോഹന്‍, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്‍റ് സി.എസ്.ഹക്കീം, ജില്ലാ വ്യവസായകേന്ദ്രം മാനെജര്‍മാരായ എം.ഗിരീഷ്, ടി.ടി.ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

date