പെരിയാറിലും അതിരപ്പള്ളിയിലുമായി 237 കോടിയുടെ പദ്ധതികൾ : മന്ത്രി ഷിബു ബേബി ജോൺ
* ഫോറസ്റ്റ് ഫോർ ഫ്യൂച്ചർ കോൺക്ലേവിന് സമാപനം
പെരിയാറിൽ 102 കോടി രൂപയുടെ പദ്ധതിയും അതിരപ്പള്ളിയിൽ 135 കോടി രൂപയുടെ പദ്ധതിയുമുൾപ്പെടെ 237 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. തിരുവനന്തപുരത്ത് നടന്ന ദ്വിദിന ഫോറസ്റ്റ് ഫോർ ഫ്യൂച്ചർ കോൺക്ലേവിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വനവിഭവങ്ങളുടെയും പ്രാദേശിക പ്രത്യേകതകളുടെയും അന്താരാഷ്ട്ര ബ്രാൻഡിംഗും മാർക്കറ്റിംഗുമാണ് അടുത്തതായി വകുപ്പ് ലക്ഷ്യമിടുന്നത്. വനാശ്രിത സമൂഹം ശേഖരിക്കുകയും ഉല്പാദിപ്പിക്കുകയും ചെയ്യുന്ന ഉല്പന്നങ്ങൾ ഏറെ സവിശേഷതയുള്ളവയാണ്. ഇവയ്ക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുക ഏറെ പ്രധാനമാണ്. വളരെ ക്രിയാത്മകമായ നിർദ്ദേശങ്ങളും ആശയങ്ങളുമാണ് ഫീൽഡ് ഓഫീസർമാർ കോൺക്ലേവിൽ അവതരിപ്പിച്ചത്. ഇവ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വനം വകുപ്പ് മേധാവിയുമായ രാജേഷ് രവീന്ദ്രൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡോ. പി. പുകഴേന്തി, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്) ദീപക് മിശ്ര, അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ഡോ. പ്രമോദ് ജി. കൃഷ്ണൻ, അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫിനാൻസ്) ഡോ. എൽ. ചന്ദ്രശേഖർ, സി.സി.എഫ് ഇക്കോ ഡെവലപ്പ്മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ സുനിൽ പാമീഡി തുടങ്ങിയവർ കോൺക്ലേവിലെ ചർച്ചകൾക്ക് നേതൃത്വം നൽകി.
വനവിഭവങ്ങളുടെ സമാഹരണവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ മാർക്കറ്റിംഗും, ഇക്കോ ടൂറിസം മേഖലയിലെ നൂതന സാധ്യതകൾ, അധിനിവേശ സസ്യങ്ങളുടെ ഒഴിവാക്കലും വനസംരക്ഷണവും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ആശയങ്ങളും മികച്ച മാതൃകകളും അവതരിപ്പിച്ചു. വിവധ സർക്കിളുകളിൽ നിന്നുള്ള പ്രതിനിധികൾ പദ്ധതികൾ അവതരിപ്പിച്ചു.
പി.എൻ.എക്സ്. 5020/2026
- Log in to post comments