Skip to main content

ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണം                                                               - മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

 

  ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാതല റിപ്പബ്ലിക് ദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നത് ഭരണഘടനയാണ്. പുറത്തുനിന്നുള്ളതിനേക്കാള്‍ രാജ്യത്തിനകത്തു നിന്നുള്ള ഭീക്ഷണിയാണ് രാജ്യം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യനും വേണ്ടി ജീവാര്‍പ്പണം നടത്തിയ ധീരദേശാഭിമാനികളെയും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മന്ത്രി അനുസ്മരിച്ചു. സമഗ്രമായ നവകേരള പുനര്‍നിര്‍മാണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജാതി-മത-രാഷ്ട്രീയ വേര്‍തിരിവില്ലാതെ പ്രളയകാലത്ത് കേരളം ലോകത്തിനു കാണിച്ചുകൊടുത്ത ഐക്യം പ്രളയാനന്തര പുനര്‍നിര്‍മാണത്തിലും നിലനിറുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

 

    സ്വാതന്ത്ര്യ സമരസേനാനി മക്കിയാട് സ്വദേശി എ.എസ്. നാരായണപിള്ളയെ മന്ത്രി ആദരിച്ചു.  പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് സേനാവിഭാഗങ്ങളും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്, ജെ.ആര്‍.സി, വൈ.ആര്‍.സി തുടങ്ങിയ വിദ്യാര്‍ഥി കാഡറ്റുകളും പരേഡില്‍ പങ്കെടുത്തു. ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇന്‍സ്‌പെക്ടര്‍ പി.സി രാജീവ് പരേഡിന് നേതൃത്വം നല്‍കി. ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എസ്.ഐ എം.കെ. ശ്രീധരന്‍ അസിസ്റ്റന്റ് കമാണ്ടന്റായിരുന്നു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ബാന്‍ഡ് ടീം പരേഡിന് അകമ്പടി നല്‍കി. ലക്കിടി ജവഹര്‍ നവോദയ, കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയം, പൂക്കോട് ഗവ. മോഡല്‍ റസിഡന്റല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മംഗലം കളി അവതരിപ്പിച്ചു. പരേഡില്‍ പങ്കെടുത്ത പ്ലാറ്റൂണ്‍ അംഗങ്ങള്‍ക്കും ജില്ലയിലെ മികച്ച ശുചിത്വ പൊലീസ് സ്റ്റേഷനുള്ള പുരസ്‌കാരം നേടിയ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനും മന്ത്രി ഉപഹാരം നല്‍കി.    

 

    ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, മറ്റു ജനപ്രതിനിധികള്‍, എ.ഡി.എം കെ. അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date