കുടുംബശ്രീ റിസര്‍ജന്റ് കേരള വായ്പാ പദ്ധതി: ജില്ലയില്‍ 295 കോടി രൂപ വിതരണം ചെയ്തു
കാക്കനാട്: പ്രളയബാധിതര്‍ക്ക് വീട്ടുപകരണങ്ങളോ ജീവനോപാധികളോ സ്വന്തമാക്കാന്‍ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന റിസര്‍ജന്റ് കേരള വായ്പാ പദ്ധതിയില്‍ (ആര്‍.കെ.എല്‍.എസ്.) ജില്ലയില്‍ ഇതുവരെ 295.72 കോടി രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു.
ജില്ലയില്‍ ആകെ 5834 അയല്‍ക്കൂട്ടങ്ങളിലായി 342.71 കോടി രൂപ വിതരണം ചെയ്യാനുള്ളതില്‍ 4773 അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കി. 36470 അപേക്ഷകര്‍ക്ക് തുക ലഭിച്ചു. വായ്പാ വിതരണത്തില്‍ എറണാകുളം ജില്ല 86 ശതമാനം പുരോഗതി കൈവരിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന നിരക്കാണിത്. വടക്കേക്കര, ആലങ്ങാട്, ചിറ്റാറ്റുകര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളാണ് ഏറ്റവുമധികം തുക വിതരണം ചെയ്തത്. താലൂക്കുതലത്തില്‍ നോര്‍ത്ത് പറവൂരാണ് മുന്നില്‍.
979 അയല്‍ക്കൂട്ടങ്ങളിലെ 5570 അംഗങ്ങളാണ് വായ്പ ലഭിക്കാന്‍ ശേഷിക്കുന്നത്. 46.99 കോടി രൂപ ഇവര്‍ക്ക് വിതരണം ചെയ്യുന്നതോടെ വായ്പാ വിതരണം ജില്ലയില്‍ പൂര്‍ത്തിയാകും.
ഓരോ അയല്‍ക്കൂട്ടത്തിനും 10 ലക്ഷം രൂപ, ഒരംഗത്തിന് ഒരു ലക്ഷം രൂപ വീതമാണ് പരമാവധി അനുവദിക്കുക. ഒമ്പത് ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കുന്ന വായ്പയില്‍ പലിശത്തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഫലത്തില്‍ ഗുണഭോക്താവിന് പലിശരഹിത വായ്പ ലഭിക്കും. വായ്പ തിരിച്ചടക്കാന്‍ ഒമ്പതു മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്.
അയല്‍ക്കൂട്ടത്തിന് അക്കൗണ്ടുള്ള ബാങ്ക് വഴിയാണ് വായ്പാ വിതരണം. യൂണിയന്‍ ബാങ്ക്, വിവിധ സര്‍വീസ് സഹകരണ ബാങ്കുകള്‍, സെന്‍ട്രല്‍ ബാങ്ക്, എസ്.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്‍ഡ്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളാണ് വായ്പ ലഭ്യമാക്കുന്നത്.
- Log in to post comments