Skip to main content

ഹരിത കേരള മിഷന് ഒരു വയസ്   ഫോട്ടോ-മാലിന്യ സംസ്കരണ ഉപാധികള്‍ പ്രദര്‍ശിപ്പിച്ചു 

നവകേരളാ മിഷന്‍റെ ഭാഗമായി ശുചിത്വത്തിനും കൃഷിക്കും പ്രാധാന്യം നല്‍കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിത കേരള മിഷന്‍ പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനവും മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദര്‍ശനവും നഗരസഭാ ടൗണ്‍ഹാള്‍ അനക്സില്‍ നടന്നു. വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്‍ തയാറാക്കിയ ഒരുവര്‍ഷത്തെ  പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ പ്രകാശനം ചെയ്തു. രാജ്യത്തിനുതന്നെ മാതൃകയായ പദ്ധതിയാണ് ഹരിതകേരള മിഷന്‍. മാലിന്യ സംസ്കരണം ഓരോ വ്യക്തിയുടേയും ചുമതലയാണെന്ന സന്ദേശം നല്‍കാന്‍ ഒരുവര്‍ഷത്തെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ട്. നിത്യജീവിതത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ആവിഷ്ക്കരിക്കാന്‍ ഓരോരുത്തരും സ്വയം സന്നദ്ധരാവണം. ആവാസകേന്ദ്രങ്ങള്‍ പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ ഒരുക്കണം. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ ഒരുമിച്ച് നടപ്പിലാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയ്ക്ക് ജനുവരിയില്‍ തുടക്കമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. 
     പരിപാടിയില്‍ എ.ഡി.എം. എസ്.വിജയന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റി.കെ. നാരായണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ബിന്ദു,  ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബിനില ബ്രൂണോ, ഹരിതകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date