Skip to main content
ഹരിത കേരള മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കളക്‌ട്രേററ് പരിസരത്ത് നടത്തിയ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു

ഹരിത കേരളത്തിന് ഒന്നാം വാര്‍ഷികം ജില്ല പച്ചപ്പ് വീണ്ടെടുക്കുന്നു

 

നവകേരളമിഷന്റെ ഭാഗമായുള്ള ഹരിത കേരളമിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാണ്ട് പൂര്‍ത്തിയാകുന്നു. വറ്റി വരണ്ട ജലാശയങ്ങളെയും നീര്‍ച്ചാലകുളെ വീണ്ടെടുത്തും പുഴകള്‍ക്ക് ജീവന്‍ നല്‍കിയും ഗ്രാമാന്തരങ്ങള്‍ തോറുമുള്ള വേറിട്ട പ്രവര്‍ത്തനമാണ് ഇതിനകം നടന്നത്. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും വാര്‍ഡുകളടിസ്ഥാനത്തിലും പദ്ധതികളെ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

കൃഷി, മണ്ണ് സംരക്ഷണം, ജലസേചന വകുപ്പുകളുടെയും ഏകോപനത്തോടും കൂടി ജില്ലയില്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്.  ജില്ല അഭിമുഖീകരിക്കുന്ന ഗുരുതരമായ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ ആവശ്യമായ അവബോധം സൃഷിടിക്കുന്നതിന് വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ ഭാഗമായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ സംസ്‌കരണ  സംവിധാനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിന് ജില്ലയില്‍ ജില്ലാ ആസൂത്ര ഓഫീസിന്റെ നേതൃത്വത്തില്‍ പ്രൊജക്ട് ക്ലിനിക്കുകള്‍ സംഘടിപ്പിച്ചിരുന്നു.  ജില്ലയിലെ 19 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഉറവിട ജൈവ അജൈവ മാലിന്യ ശേഖരണത്തിന് വേണ്ടിയുള്ള ഹരിത കര്‍മ്മ സേനകളുടെ രൂപീകരണവും അജൈവമാലിന്യ ശേഖരണത്തിനുള്ള കളക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയ്ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

 

                ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും വീടുകള്‍ തോറും സര്‍വ്വേ നടത്തി അവസ്ഥാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി.  ഇതിന്റെ ഭാഗമായി കഴിഞ്ഞ സ്വാതന്ത്യദിനത്തി.തുറമുഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്യം' പ്രഖ്യാപനം നടത്തി.

 

                               

സര്‍ക്കാര്‍ ഓഫീസുകളിലെ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന്റെ ഭാഗമായി ക്ലീന്‍ കേരള കമ്പനി 2689 കി.ഗ്രാം ശേഖരിച്ചിട്ടുണ്ട്.  ഹരിതവല്‍കരണത്തിന്റെ ഭാഗമായി  സാമൂഹ്യ വന വല്‍കരണ വിഭാഗം ജില്ലയിലെ വിദ്യാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി രണ്ടര ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തിട്ടുണ്ട്.  കൃഷി വകുപ്പും കുടുംബശ്രീയും പച്ചക്കറി കൃഷി, നെല്‍കൃഷി എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി.    ഓണക്കാല വിപണിയിലൂടെ കുടുംബശ്രീ 52.00 ലക്ഷം രൂപയുടെ പച്ചക്കറി വിറ്റഴിച്ചു.  തരിശ് രഹിത പദ്ധരിയില്‍ 100 ഹെക്ടര്‍ നെല്‍കൃഷിയും, ' എന്റെ ഭവനം ഭക്ഷ്യസുരക്ഷ ഭവനം ' പദ്ധതിയിലൂടെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും പച്ചക്കറി കൃഷിയും ചെയ്യുന്നു.  കൂടാതെ വിവിധ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നുണ്ട്. 

 

കൃഷി വകുപ്പ് 70 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 1,11,330 പച്ചക്കറിവിത്ത് കിറ്റ് നല്‍കിയിട്ടുണ്ട്.  വീട്ടു വളപ്പില്‍ പച്ചക്കറി കൃഷിക്കായി 6,00,000 പച്ചക്കറിതൈകള്‍ തയ്യാറാക്കുന്ന പ്രവൃത്തി സംഘടിപ്പിച്ചു.  7500 ഹെക്ടറില്‍ നഞ്ചകൃഷി, 24 കൃഷി ഭവനുകളിലൂടെ തരിശിട്ടിരുന്ന 155 ഹെക്ടറില്‍ നെല്‍കൃഷി 400 ഹെക്ടര്‍ സുഗന്ധ നെല്ലിനങ്ങളുടെ കൃഷി, 3 ഏക്കറില്‍ ഞവര നെല്‍കൃഷി എന്നിവ ഈ വര്‍ഷം ചെയ്തിട്ടുണ്ട്.  കേരഗ്രാമം പദ്ധതി, കിഴങ്ങു വര്‍ഗ്ഗ കൃഷി, പയറു വര്‍ഗ്ഗ കൃഷി എന്നിവ ഈ വര്‍ഷക്കാലയളവില്‍ തുടങ്ങിയ പദ്ധതികളാണ്. 

 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയില്‍ 9,00,000 ഓളം ചെറിയ മഴക്കുഴികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.  അടുത്ത പരിസ്ഥിതി ദിനത്തില്‍ നടാനായി 15,00,000 ഫല വൃക്ഷത്തൈകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തിയിലേര്‍പ്പെട്ടിരിക്കുകയാണ് ജില്ലയിലെ തൊഴിലുറപ്പ് പദ്ധതി .

 

 

                ഹരിത കേരളം ഒന്നാം വാര്‍ഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എ.ഡി.എം  കെ.എം.രാജു അദ്ധ്യക്ഷത വഹിച്ചു.  ഹുസൂര്‍ ശിരസ്തദാര്‍  പ്രദീപ്കുമാര്‍, ലോ ഓഫീസര്‍ കോമളവല്ലി, പ്ലാനിംഗ് റിസര്‍ച്ച് ഓഫീസര്‍ സി.പി. സുധീഷ് , ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  ബി.കെ. സുധീര്‍കിഷന്‍,  ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍  ഏ.കെ രാജേഷ് എന്നിവര്‍ സംസാരിച്ചു.

 

 

date