Skip to main content

ഹരിത കേരള മിഷന്‍ ഒന്നാം വാര്‍ഷികത്തില്‍ മലപ്പുറം മനോഹരം പദ്ധതിക്ക് തുടക്കം.

 

ഹരിത കേരള മിഷന്‍ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഹരിത സംഗമം ജില്ലാ പഞ്ചായത്ത്, ജില്ലാഭരണകൂടം മറ്റ് വകുപ്പുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. ക്ലീന്‍ ആന്റ് ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിയുടെ ചുവട് പിടിച്ച് ജില്ലാ പഞ്ചായത്ത് മലപ്പുറം മനോഹരം എന്ന പേരില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുക. സിവില്‍ സ്റ്റേഷനിലെ ഓഫിസുകള്‍ വ്യത്തിയായി സൂക്ഷിക്കുന്നതിന്  പിന്തുണ നല്‍കുകയും ജൈവ ക്യഷിക്ക് പ്രധാന്യം നല്‍കിയുമാണ് ജില്ലാ പഞ്ചായത്ത് ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതി നടപ്പാക്കിയത്.
ഹരിത സംഗമം പരിപാടി പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷന്റെ ഭാഗമായി നടക്കുന്ന ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മലപ്പുറം മോഡലായി മാറ്റണമെന്ന് എം.എല്‍. എ. പറഞ്ഞു. നഷ്ടപെട്ട പച്ചപ്പ് തിരിച്ചു പിടിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
 വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഹരിത സംഗമം പരിപാടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേത്യത്വത്തില്‍ ഡിസംബര്‍ 13 വരെയുള്ള ദിവസങ്ങളില്‍ നടക്കും.
ചടങ്ങില്‍ സിവില്‍ സ്റ്റേഷനില്‍ മികച്ച രീതിയില്‍ ഹരിത സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഓഫിസുകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഓഫിസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കാള്‍ നടപ്പാക്കുക, ശുചിത്വം പാലിക്കുക, ഓഫിസ് പരിസരത്ത് വ്യക്ഷതൈ നടുക, എന്നിവയാണ് അവാര്‍ഡിന് മാനദണ്ഡമായി കണക്കാക്കിയിരിക്കുന്നത്. ടൗണ്‍ പ്ലാനിംഗ് ഓഫിസ് ഒന്നാം സ്ഥാനവും ജില്ലാ പ്ലാനിംഗ് ഓഫിസ് രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം ജില്ലാ വ്യവസായ കേന്ദ്രത്തിനാണ്.  ജില്ലാ പട്ടിക ജാതി വികസന ഓഫിസിനാണ് ഓഫിസ് മുറി നല്ല വ്യത്തിയായി സൂക്ഷിച്ചതിനള്ള സമ്മാനം ലഭിച്ചത്. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം.എല്‍. എ. വിതരണം ചെയ്തു. ഗ്രീന്‍-ക്ലിന്‍ പദ്ധതിയുമായി സഹകരിച്ച സംഘടനകള്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
ഹരിത സംഗമത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത ശുചിത്വ മാത്യകകളുടെ പ്രദര്‍ശനം സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ തുടങ്ങി. പ്രദര്‍ശനം പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജൈവ മാലിന്യങ്ങള്‍ ഉപയോഗിച്ച് പാചക വാതകം ഉല്‍പ്പാദിപ്പിക്കാവുന്ന വ്യത്യസ്ഥ വിലയില്‍ ലഭിക്കുന്നു പോല്‍ട്ടബിള്‍ ബയോ ഗ്യാസ് പ്ലാന്റ,ജൈവ വളങ്ങുടെ ശേഖരം എന്നിവ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഹരിത കേരളത്തിന്റെ വേറിട്ട മാത്യക എന്ന വിഷയത്തില്‍ ജില്ല പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ സംസാരിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.രാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്ലാസ്റ്റിക് ബദുലുകളുടെ വിതരണം ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ എസ് പവിത്രന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍, ജില്ലാകലക്ടര്‍ അമിത് മീണ ,വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, അംഗം കെ.കെ. അബ്ദുറഹിമാന്‍, സെക്രട്ടറി പ്രീതി മോനോന്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ. പ്രദീപ് കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date