Skip to main content

ഓരുവെള്ളത്തിന്റെ തോതനുസരിച്ച് തണ്ണീർമുക്കം ബണ്ട് അടയ്ക്കും

 

ആലപ്പുഴ: വേമ്പനാട്ടുകായലിലെ വെള്ളത്തിന്റെ ലവണാംശം നിശ്ചിതതോതിലെത്തുമ്പോൾ തണ്ണീർമുക്കം ബണ്ട് അടയ്ക്കാൻ ഉപദേശക സമിതി യോഗം തീരുമാനിച്ചു. കളക്ടറേറ്റിൽ ജില്ലാ കളക്ടർ റ്റി.വി. അനുപമയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. 

 

നിലവിൽ കൃഷിയെ ബാധിക്കുന്ന നിലയിൽ ലവണാംശമില്ലെന്നും .24 മില്ലോമീസാണ് ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ ജെ. പ്രേംകുമാർ പറഞ്ഞു. ലവണാംശം രണ്ടു മില്ലീമോസിൽ കൂടിയാലേ കൃഷിയെ ബാധിക്കൂ. ഓരുവെള്ളത്തിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കും. നിശ്ചിത തോതിലെത്തിയാലുടൻ ബണ്ട് അടയ്ക്കും. ഒരു ദിവസം കൊണ്ട് ഷട്ടറുകൾ അടയ്ക്കാനാകുമെന്ന് മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.   

 

തണ്ണീർമുക്കം ഡിവിഷനു കീഴിലുള്ള ഓരുമുട്ടുകൾ ഭൂരിഭാഗവും പൂർത്തീകരിച്ചതായി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.പി. ഹരൺബാബു പറഞ്ഞു. ചെങ്ങന്നൂർ ഡിവിഷനുകീഴിൽ 38 എണ്ണം പൂർത്തീകരിച്ചു. കായംകുളം, ഹരിപ്പാട്, പുളിക്കീഴ് എന്നിവിടങ്ങളിലെ ഓരുമുട്ടുകൾ പൂർത്തീകരിച്ചു. കുട്ടനാട്ടിലെ ജലാശയങ്ങൾ മലിനമായതായും കുടിവെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഉണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ സൂചിപ്പിച്ചു.

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെ. ജയലാൽ, ബാബു കുറുപ്പശേരിൽ, ജോർജ് മാത്യു, കെ.ജെ. സെബാസ്റ്റിയൻ, ഡി. മഞ്ജു, വി.വി. ഷീല, ടെസി ജോസ്, സാബു തോട്ടുങ്കൽ, ഭക്ഷ്യ-പൊതുവിതരണ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.പി. മധു, മത്സ്യത്തൊഴിലാളി സംഘടന നേതാക്കളായ എൻ.ആർ. ഷാജി, മിനി രാജേന്ദ്രൻ, വി.കെ. ചന്ദ്രബോസ്, ഡി. സുനേഷ്, രഞ്ജിത്ത് ശ്രീനിവാസ്, എം.കെ. രാജു, കെ.വി. മനോഹരൻ, എസ്. വാസവൻ, കെ.എം. ലക്ഷ്മണൻ, സി. ഗോപിനാഥ്, ഇറിഗേഷൻ മെക്കാനിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ബിജോയ് എന്നിവർ പങ്കെടുത്തു.

 

ചിത്രവിവരണം 

 

തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ കൂടിയ ഉപദേശക സമിതി യോഗത്തിൽ ജില്ലാ കളക്ടർ ടി.വി. അനുപമ സംസാരിക്കുന്നു. 

 

 (പി.എൻ.എ.2982/17)

 

ലഹരിക്കെതിരെ നെഹ്‌റു യുവകേന്ദ്രയുടെ 

കായികലഹരി പദ്ധതി 

ആലപ്പുഴ: ലഹരിയുടെ പിടിയിലകപ്പെടാതെ യുവജനങ്ങളേയും വിദ്യാർത്ഥികളേയും സംരക്ഷിക്കുന്നതിന് നെഹ്‌റു യുവകേന്ദ്ര കായിക ലഹരി പദ്ധതി ആരംഭിക്കുന്നു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വർജ്ജന മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യുന്നതിന് നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബ് ഭാരവാഹികളുടെ യോഗം ജില്ലാ കളക്ടർ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു.

 

കായിക വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ പ്രദേശിക അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്ത് യുവജനങ്ങളേയും വിദ്യാർത്ഥികളേയും കായിക വിനോദങ്ങളിലേയ്ക്ക് ആകർഷിക്കാനാണ് നീക്കം. കളിക്കളങ്ങൾ നിർമ്മിക്കുന്നതിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനും ക്ലബ്ബുകൾക്ക് സഹായം നൽകും. കായിക വിനോദങ്ങളിൽ സജ്ജീവമാകുന്നതിലൂടെ കുട്ടികളും യുവാക്കളും ലഹരിയോട് താൽപ്പര്യം ഉണ്ടാക്കുന്ന സൗഹൃദങ്ങളിലും സാഹചര്യങ്ങളിലും ചെന്നുപെടാനുള്ള സാദ്ധ്യത ഇല്ലാതാക്കാനാകുമെന്ന് കളക്ടർ പറഞ്ഞു. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓർഡിനേറ്റർ അലി സാബ്രിൻ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എ. അശോക് കുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കെ.ബി. ശ്രീകല എന്നിവർ പ്രസംഗിച്ചു.

 

ചിത്രവിവരണം 

 

നെഹ്‌റു യുവകേന്ദ്രയുടെ ലഹരിക്കെതിരെ കായിക ലഹരി പദ്ധതിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ ജില്ലാ കളക്ടർ ടി.വി. അനുപമ സംസാരിക്കുന്നു. 

 

  (പി.എൻ.എ.2983/17)

 

 

ദർഘാസ് ക്ഷണിച്ചു

 

ആലപ്പുഴ: ആലപ്പുഴ വൈദ്യുതി ഭവനത്തിന്റെ അറ്റകുറ്റപണികളും പെയിന്റിങ്ങും നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, ഇലക്ട്രിക്കൽ സർക്കിൾ, ആലപ്പുഴ എന്ന വിലാസത്തിൽ ഡിസംബർ 21ന് വൈകിട്ട് അഞ്ചിനകം ദർഘാസ് ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2245602.

 

  (പി.എൻ.എ.2984/17)

 

 

ദർഘാസ് ക്ഷണിച്ചു

 

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി ആവിശ്യത്തിനുള്ള പ്രിന്റഡ് ഫോമുകൾ രസീത് ബുക്കുകൾ, രജിസ്റ്ററുകൾ എന്നിവ ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്നതിനുള്ള ദർഘാസുകൾ ഡിസംബർ 20ന് ഉച്ചകഴിഞ്ഞ് മൂന്നിനകം  സൂപ്രണ്ടിന് നൽകണം. 

 

  (പി.എൻ.എ.2985/17)

 

അധ്യാപകർക്ക് 

പരിശീലനം 11ന്

 

ആലപ്പുഴ: ജില്ലയിലെ സ്‌കൂളുകളിൽ പരിസ്ഥിതി ചുമതലയുള്ള അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി പരിശീലനം നൽകും. ഡിസംബർ 11ന് രാവിലെ 9.30 മുതൽ മാവേലിക്കര ഗവൺമെന്റ് ടി.ടി.ഐ.യിൽ ആരംഭിക്കുന്ന ക്ലാസ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ള അധ്യാപകർ ജില്ലാ കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടണം. ഫോൺ: 9447976901.

 

  (പി.എൻ.എ.2986/17)

 

ഊർജ്ജോത്സവം 11ന്

 

ആലപ്പുഴ: വിദ്യാഭ്യാസ ജില്ലാതല ഊർജ്ജോത്സവം ഡിസംബർ 11ന് ആലപ്പുഴ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. എനർജി മാനേജമെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്‌കൂളുകളിൽ രൂപീകരിച്ചിട്ടുള്ള  സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായിസംഘടിപ്പിക്കുന്ന പരിപാടി നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എച്ച്. ശ്രീകുമാർ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഓഫീസർ കൃഷ്ണദാസ്, അസിസ്റ്റന്റ് ഓഫീസർ ഹമീദ്, കോർഡിനേറ്റർ ടോംസ് ആന്റണി, ഹെഡ്മിസ്ട്രസ് വോൾഗ മേരി മാത്യു എന്നിവർ പ്രസംഗിക്കും. 

 

യു.പി, ഹൈസ്‌കൂൾ. വിഭാഗം വിദ്യാർഥികൾക്കായി ഊർജ്ജപ്രശ്‌നോത്തരി, ഉപന്യാസം, പെയിന്റിങ്, കാർട്ടൂൺ മത്സരങ്ങൾ നടത്തും. സർക്കാർ, എയ്ഡ്ഡ്, അൺ എയ്ഡ്ഡ് സ്‌കൂളുകൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. പെയിന്റിങ മത്സരത്തിന് ഊർജ്ജവും കാലാവസ്ഥ വ്യതിയാനവും ഉപന്യാസത്തിന് ഗാർഹിക ഊർജ്ജ ഉപഭോഗവും ഊർജ്ജ സംരക്ഷണവും, കാർട്ടൂണിന് ഊർജ്ജ പ്രതിസന്ധി എന്നിവയാണ് വിഷയങ്ങൾ. വിജയികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെട്ട 12 സ്‌കൂളുകൾക്ക് സൗജന്യമായി  ഊർജ്ജ സംരക്ഷിത വൈദ്യുതോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. വിശദവിവരത്തിന് ഫോൺ: 9447232512

 

  (പി.എൻ.എ.2987/17)

 

 

 

അന്ധകാരനഴി: ഉപദേശകസമിതി യോഗം

 

ആലപ്പുഴ: അന്ധകാരനഴി ഷട്ടറുകൾ അടയ്ക്കുന്നതു സംബന്ധിച്ച ഉപദേശക സമിതി യോഗം ഡിസംബർ 11ന്  ഉച്ചയ്ക്ക് 12ന് കളക്ടറേറ്റിൽ ചേരും. ജില്ലാ കളക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിക്കും

 

(പി.എൻ.എ.2988/17)

 

ടെണ്ടർ ക്ഷണിച്ചു

 

ആലപ്പുഴ: ഹരിപ്പാട് എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് മഹാദേവികാട് ക്ഷീര സംഘത്തിൽ ഓട്ടോമാറ്റിക് മിൽക്ക്് കളക്ഷൻ യൂണിറ്റ് സ്ഥാപിച്ച് കമ്മീഷൻ ചെയ്ത് നൽകുന്നതിന്് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ഡിസംബർ 23ന് പകൽ 12 വരെ ലഭിക്കും.  വിശദവിവരത്തിന് ഫോൺ:0479-2412303.

 

(പി.എൻ.എ.2989/17)

 

വാർഷിക മസ്റ്ററിങ്ങ് ചെയ്യണം

 

ആലപ്പുഴ: ട്രഷറി/ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്ന സംസ്ഥാന സർക്കാർ സർവീസ്/ഫാമിലി പെൻഷൻകാർ ഡിസംബർ 31നകം അടുത്തുള്ള ട്രഷറിയിൽ പെൻഷൻ ബുക്ക്/ബാങ്ക് പാസ് ബുക്ക്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളുമായി (ആധാർ, തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ്ങ് ലൈസൻസ്) എത്തി വാർഷിക മസ്റ്ററിങ്ങ് ചെയ്യണമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു. ആദായ നികുതി അടക്കുന്നവർ പാൻകാർഡും ഹാജരാക്കണം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

 

(പി.എൻ.എ.2990/17)

 

 

ശുചിത്വ മിഷൻ ഓഫീസുകളിൽ 

ഡെപ്യൂട്ടേഷൻ നിയമനം

 

ആലപ്പുഴ: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ജില്ലാ ശുചിത്വ മിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ഒഴിവുകളിലേക്ക് സർക്കാരിന്റെ വിവിധ വകുപ്പുകളിൽ 20,000-45,800 മുതൽ 35700-75600 വരെ ശമ്പള സ്‌കെയിലുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 

 

ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററിന്റെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററിന്റെ (സോളിഡ് വേസ്റ്റ് മാനേജ് മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ആയി അപേക്ഷിക്കുന്നവർ സയൻസ് ബിരുദധാരികളോ, സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. താൽപ്പര്യമുള്ള അപേക്ഷകർ കെ.എസ്.ആർ. പാർട്ട് വൺ റൂൾ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പുമേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം ഡിസംബർ 23ന്് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വ മിഷൻ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഓ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ നൽകണം 

 

 

(പി.എൻ.എ.2991/17)

 

കേരളോത്സവം മത്സരാർഥികൾ 

പാസ് കൈപ്പറ്റണം

 

ആലപ്പുഴ: സംസ്ഥാനതല കേരളോത്സവ കായിക മത്സരങ്ങൾ ഡിസംബർ 13, 14, 15 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചിട്ടുള്ള മത്സരാർഥികൾ ഡിസംബർ 11ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത്ിൽ  എത്തി  എൻട്രി പാസ്, ജഴ്‌സി  എന്നിവ കൈപ്പറ്റണമെന്ന്  ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

(പി.എൻ.എ.2992/17)

 

എംപ്ലോയബിലിറ്റി സെന്ററിൽ 

തൊഴിൽ അഭിമുഖം 11ന്

 

ആലപ്പുഴ: സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് നിയമിക്കുന്നതിന് ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഡിസംബർ 11ന് രാവിലെ 10ന് അഭിമുഖം നടക്കും. ഡെപ്യൂട്ടി ജനറൽ മാനേജർ-യോഗ്യത; ബിരുദവും എട്ടു വർഷത്തെ പ്രവൃത്തി പരിചയവും, ക്ലസ്റ്റർ ബിസിനസ് മാനേജർ; ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ബിസിനസ് മാനേജർ; ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും  ടു വീലർ ലൈസൻസും. റിക്കവറി എക്‌സിക്യൂട്ടീവ്; പ്ലസ് ടു, അസിസ്റ്റന്റ് ബിസിനസ് മാനേജർ; പ്ലസ് ടു., ടു വീലർ ലൈസൻസ്. കളക്ഷൻ എക്‌സിക്യൂട്ടീവ്; പ്ലസ് ടു, ടു വീലർ ലൈസൻസ് വേണം. അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്; ബി.കോം., ഡി.സി.എ., അഡ്മിൻ എക്‌സിക്യൂട്ടീവ്; ബികോം, ഡി.സി.എ., എച്.ആർ. ട്രെയിനി: എം.ബി.എ. വിശദവിവരത്തിന് ഫോൺ: 0477-2230624, 8078828780, 9061560069. 

 

(പി.എൻ.എ.2993/17)

 

റാങ്ക് ലിസ്റ്റ് റദ്ദായി

 

ആലപ്പുഴ: ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ  തസ്തികയിലേക്ക് (കാറ്റഗറി നമ്പർ: 261/2014) 2015 മെയ് നാലിന് നിലവിൽ വന്ന റാങ്ക് പട്ടികയിലെ മുഖ്യപട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർഥികളെയും നിയമിച്ചതിനാൽ 2017 നവംബർ 27ന് റാങ്ക് ലിസ്റ്റ് റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.

                                                                         

(പി.എൻ.എ.2994/17)

 

അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു ഉന്നത വിദ്യാഭ്യാസം നൽകുന്ന ദത്തെടുക്കൽ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കൾ മരിച്ചവരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. പ്ലസ് വൺ മുതലുള്ള കുട്ടികളാണ് അപേക്ഷിക്കേണ്ടത്. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. ജില്ലാ ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2251103.

 

(പി.എൻ.എ.2995/17)

 

 

ശക്തമായ കാറ്റ്, കടൽക്ഷോഭ സാധ്യത:

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

 

ആലപ്പുഴ: കേരളതീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റു വീശാനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

(പി.എൻ.എ.2996/17)

date