Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 7 - 1000 ദിനങ്ങള്‍ - കാര്‍ഷിക അഭിവൃദ്ധി ലക്ഷ്യമിട്ട്‌  കൈനിറയെ പദ്ധതികള്‍

ജില്ലയില്‍ പച്ചക്കറി വികസന പദ്ധതിയിലൂടെ വന്‍ പച്ചക്കറി ഉല്‍പാദനമെന്ന്‌ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍. 2018-19 പദ്ധതിയിലൂടെ ഉല്‌പാദിപ്പിച്ചെടുത്ത പച്ചക്കറികള്‍ക്ക്‌ വിപണി സൗകര്യം വര്‍ധിപ്പിച്ചും അവയ്‌ക്ക്‌ മികച്ച വില ലഭ്യമാക്കിയുമാണ്‌ ജില്ലയില്‍ കര്‍ഷകര്‍ക്കായി വിവിധ പച്ചക്കറികൃഷി നടപ്പിലാക്കിട്ടുള്ളത്‌. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ നേതൃത്വത്തില്‍ ഓണത്തിന്‌ ഒരു മുറം പച്ചക്കറി പദ്ധതി വിപുലമായി സംഘടിപ്പിച്ചു. കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക്‌ വിത്തുകളും തൈകളും നല്‍കി. കര്‍ഷകര്‍ക്ക്‌ 75 ശതമാനം സബ്‌സിഡി നിരക്കില്‍ ഗ്രോ ബാഗുകളും നല്‍കി. 50 ശതമാനം സബ്‌സിഡി നിരക്കില്‍ കമ്പോസിറ്റ്‌ യൂണിറ്റുകള്‍ തയ്യാറാക്കി. തിരിനന്ന രീതി-മിനി ഡ്രിപ്പ്‌, പമ്പ്‌ സെറ്റ്‌ തുടങ്ങിയവയും നല്‍കി. ജില്ലാ കൃഷി ഓഫീസിന്റെ ധനസഹായത്തോടെ 10 ഹെക്‌ടര്‍ സ്ഥലത്ത്‌ പരമ്പരാഗത കൃഷിരീതിയില്‍ പച്ചക്കറി ഉല്‌പാദനം നടന്നുവരുന്നു. വിവിധയിടങ്ങളില്‍ കൃഷിയ്‌ക്കുളള ജലസേചനസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മൈക്രോ ഇറിഗേഷന്‍ യൂണിറ്റുകളും കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കി. വീട്ടിലെ പച്ചക്കറി കൃഷിക്ക്‌ സബ്‌സിഡി നിരക്കില്‍ സഹായങ്ങള്‍ നല്‍കി. വീടുകളിലും കടകളിലും പച്ചക്കറികള്‍ കേടുവരാതെ സൂക്ഷിക്കുന്നതിന്‌ എനര്‍ജി കൂള്‍ ചാമ്പര്‍ എന്ന സംവിധാനം സജ്ജമാക്കുന്നതിനുള്ള ധനസഹായവും നല്‍കി. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ കുറഞ്ഞ നിരക്കില്‍ പോളിഹൗസ്‌ നിര്‍മ്മിക്കുന്നതിന്‌ ധനസഹായം നല്‍കി. വിദ്യാലയങ്ങളിലും സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള ധനസഹായവും അനുവദിച്ചു. പ്രളയാനന്തരം പച്ചക്കറി കൃഷിക്ക്‌ വിത്തുകളും തൈകളും ഒരുക്കി. 6 ലക്ഷം വിത്തുപാക്കറ്റുകളും 7.5 ലക്ഷം തൈകളും നല്‍കി.
ജില്ലയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‌ ക്ലാസ്‌ റൂമുകളില്‍ ഒരു ഹെക്‌ടറിന്‌ 3000 രൂപ നിരക്കില്‍ 25 ഹെക്‌ടര്‍ ഉളള ക്ലസ്റ്ററിന്‌ 75000 രൂപ നല്‍കി. ജില്ലയില്‍ 22 ക്ലസ്റ്ററുകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഉല്‍പന്നങ്ങള്‍ പാക്ക്‌-ലേബലിങ്‌ ചെയ്യുന്നതിന്‌ യൂണിറ്റിന്‌ 2 ലക്ഷം രൂപ നിരക്കില്‍ 4 ലക്ഷം വരെ നല്‍കി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ ധനസഹായവും നല്‍കുന്നു.
ഇരിങ്ങാലക്കുട, തളിക്കുളം, കൊടകര, അന്തിക്കാട്‌, ചൊവ്വന്നൂര്‍ തുടങ്ങിയ ബ്ലോക്കുകളില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കി. ഉയര്‍ന്ന ഉല്‍പാദനക്ഷമതയുളള മാതൃക നാളികേര ഫാമുകള്‍, പ്രദര്‍ശനത്തോട്ടങ്ങള്‍ എന്നിവ സ്ഥാപിച്ച്‌ ശാസ്‌ത്രീയ കൃഷിക്കുളള പ്രോത്സാഹനവും നല്‍കി. പട്ടികജാതി വിഭാഗത്തിലെ കര്‍ഷകര്‍ക്ക്‌ നാളികേര വികസന ബോര്‍ഡ്‌ വേപ്പിന്‍ പിണാക്ക്‌, മഗ്നീഷ്യം, സള്‍ഫൈറ്റ്‌, ജൈവ കീടനാശിനി, മറ്റു നടീല്‍ വസ്‌തുക്കള്‍ എന്നിവ സൗജന്യ നിരക്കില്‍ നല്‍കി. കേരസമൃദ്ധി പദ്ധതിയിലൂടെ സങ്കരയിനം വിള തേങ്ങകളുടെ ഉല്‍പാദനം, സംഭരണം എന്നിവ നടപ്പിലാക്കി. 
ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന പപ്പായ, വാഴ, പൈനാപ്പിള്‍, ടിഷ്യുകള്‍ച്ചര്‍, അലങ്കാര പുഷ്‌പകൃഷി, ഇഞ്ചി, മഞ്ഞള്‍ എന്നിവയ്‌ക്ക്‌ സാമ്പത്തിക സഹായം നല്‍കുന്നു. വിള സംസ്‌ക്കരണത്തിന്റെ ഭാഗമായി പാക്ക്‌ ഹൗസ്‌, പൂസ, സീറ, എനര്‍ജി കൂള്‍ ചേമ്പര്‍ യൂണിറ്റ്‌ എന്നിവയ്‌ക്കും ഹൈടെക്ക്‌ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ധനസഹായം നല്‍കിവരുന്നു.
കൃഷിയിടങ്ങളിലേക്ക്‌ കീടങ്ങളെ ആകര്‍ഷിച്ച്‌ നശിപ്പിക്കുന്നതിന്‌ വിളക്കുകെണി യൂണിറ്റുകള്‍ക്ക്‌ ധനസഹായം നല്‍കി. കാര്‍ഷിക യന്ത്രവല്‍ക്കരണം നടപ്പിലാക്കുന്നതിനും കര്‍ഷകര്‍ക്ക്‌ ധനസഹായം നല്‍കി. 
പ്രധാനമന്ത്രി കൃഷി സിഞ്ചയ്‌ യോജനയിലൂടെ മോട്ടോര്‍ പമ്പ്‌ സെറ്റുകള്‍, കുളങ്ങളുടെ പുനരുദ്ധാരണം, പുതിയ കുളം നിര്‍മ്മിക്കല്‍ എന്നിവയ്‌ക്കുള്ള ധനസഹായം നല്‍കി. സുഗന്ധവിള വ്യാപന പ്രകാരം കുരുമുളക്‌ കൃഷിക്ക്‌ ഹെക്‌ടര്‍ ഒന്നിന്‌ 2000 രൂപ ധനസഹായം നല്‍കി.

കാര്‍ഷിക വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിപണനം ചെയ്യുന്ന സംസ്ഥാനത്തെ പദ്ധതി ആദ്യമായി ജില്ലയില്‍ നടപ്പിലാക്കി. ജൈവ പച്ചക്കറി കര്‍ഷകരില്‍ നിന്നു നേരിട്ട്‌ സംഭരിച്ച്‌ സര്‍ക്കാര്‍ സംവിധാനത്തിലൂടെയും അല്ലാതെയും വിപണനം നടത്തുന്നു. 
സമഗ്ര നെല്‍കൃഷി വികസന പദ്ധതിയില്‍ സുസ്ഥിര നെല്‍വികസനം ലക്ഷ്യമിട്ട്‌ 9368 ഹെക്‌ടര്‍ സ്ഥലത്ത്‌ കൃഷിയിറക്കി. ജില്ലയില്‍ പാടശേഖര സമിതികള്‍ക്ക്‌ ഹെക്‌ടറിന്‌ 360 രൂപ നിരക്കില്‍ 4400 ഹെക്‌ടര്‍ നെല്‍കൃഷിക്ക്‌ 17 ലക്ഷം ചെലവഴിച്ചു. തരിശുരഹിത തൃശൂരിന്റെ ഭാഗമായി 580 ഹെക്‌ടര്‍ ഒന്നാം വര്‍ഷ തരിശും 520 ഹെക്‌ടര്‍ രണ്ടാംവര്‍ഷ തരിശും 110 ഹെക്‌ടര്‍ മൂന്നാം വര്‍ഷ തരിശുനെല്‍കൃഷിയും ചെയ്യുന്നു. തരിശു നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ധനസഹായം നല്‍കിവരുന്നു. ഒരുപ്പൂ ചെയ്യുന്ന പാടങ്ങള്‍ ഇരുപ്പൂ ആക്കുന്നതിനും സഹായം നല്‍കുന്നു. കോള്‍നിലങ്ങളില്‍ ഓപ്പറേഷന്‍ കോള്‍ ഡബിള്‍ പദ്ധതിയും നടപ്പിലാക്കി വരുന്നു.
പത്തു വര്‍ഷമായി 10 സെന്റ്‌ സ്ഥലത്ത്‌ കൃഷി ചെയ്യുന്ന 60 വയസ്സ്‌ കഴിഞ്ഞവര്‍ക്ക്‌ 1100 രൂപ പെന്‍ഷന്‍ നല്‍കുന്നു. എല്ലാ സുപ്രധാന കാര്‍ഷിക വിളകള്‍ക്കും ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ഉറപ്പു വരുത്തി. നഷ്‌ടപരിഹാര തുകയും വര്‍ധിപ്പിച്ചു. വിള ഇന്‍ഷൂറന്‍സ്‌ പദ്ധതി പുനാവിഷ്‌ക്കരിച്ചു നടപ്പിലാക്കി. ചെറുകിട നാമ മാത്ര കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പട്ടികവര്‍ഗ്ഗ കര്‍ഷകര്‍ക്കും സംഘടനകള്‍ക്കും യന്ത്രവല്‍ക്കരണ സഹായം നല്‍കിവരുന്നു. പദ്ധതിയില്‍ പ്രകൃതിക്ഷോഭ വിളനാശ നഷ്‌ടപരിഹാരവും നല്‍കുന്നു. ഇതുപ്രകാരം 21645 കര്‍ഷകര്‍ക്ക്‌ പ്രളയാനന്തരം 190357286 രൂപ വിതരണം ചെയ്‌തു. ജില്ലയിലെ 25 കൃഷി ഭവനുകളില്‍ 25 പ്ലാന്റ്‌ ഹെല്‍ത്ത്‌ ക്ലിനുക്കുകള്‍ നടപ്പിലാക്കി. സോഷ്യല്‍മീഡിയ വഴി കര്‍ഷകര്‍ക്ക്‌ സംശയങ്ങള്‍ക്കും മറ്റും പരിഹാരമുണ്ടാക്കുന്നതിന്‌ സഹായിക്കുന്നു. രാസവള കീടനാശിനി ഗുണനിലവാര നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട്‌ കൃഷി ഉദ്യോഗസ്ഥര്‍ക്കും കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നു.

date