Skip to main content

വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിന് പദ്ധതി ഒരുങ്ങുന്നു

 

ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിന് ജില്ലാ ഭരണകൂടം പദ്ധതി ആവിഷ്‌കരിക്കുന്നു. എന്‍ജീനീയര്‍മാരുടെ സംഘടനയായ ലെന്‍സ്‌ഫെഡിന്റെ സഹായത്തോടെ ഇതിനായുളള എസ്റ്റിമേറ്റ് തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വില്ലേജ് ഓഫീസര്‍മാരുടെ യോഗത്തില്‍ അറിയിച്ചു. 118 വില്ലേജ് ഓഫീസുകളാണ് ജില്ലയില്‍ ഉളളത്. ഇതില്‍ ഭൂരിപക്ഷം ഓഫീസുകളും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വീര്‍പ്പുമുട്ടുകയാണെന്ന് വില്ലേജ് ഓഫീസര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. വില്ലേജ് ഓഫീസുകള്‍ക്കാവശ്യമായ സ്ഥലം കണ്ടെത്തിയാല്‍ കെട്ടിട നിര്‍മ്മാണത്തിന് 50 ലക്ഷം രൂപ വരെ സര്‍ക്കാറില്‍ നിന്ന് ലഭ്യമാവും.
വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും നടപടി ഉണ്ടാവും. ഡാറ്റാ എന്‍ട്രിക്കായി ജീവനക്കാരെ എടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിന്റെ അനുമതി തേടും. കൂടുതല്‍ കാലം ഒരിടത്ത് തന്നെ ജോലിയില്‍ തുടരുന്ന വില്ലേജ് ഓഫീസര്‍മാരെ മാറ്റുന്ന കാര്യം ആലോചിക്കും. സ്ഥലം മാറ്റപ്പെടുന്നവരെ  അവരുടെ നാട്ടില്‍ നിന്ന് അധികം ദൂരയല്ലാത്ത ഇടങ്ങളില്‍ പുനര്‍ നിയമിക്കും. നാല് വര്‍ഷത്തില്‍ അധികം ഒരിടത്ത് തന്നെ ജോലിയില്‍ തുടരുന്നവരെയാണ് മാറ്റുന്നതിനായി ആലോചിക്കുന്നത്. വില്ലേജ് ഓഫീസുകളിലെ ജോലിയില്‍ മറ്റ് ജീവനക്കാര്‍ക്കും ഉത്തരവാദിത്തം നല്‍കുന്നതിനായി ഓഫീസ് ഓര്‍ഡര്‍ ഇറക്കും. അപേക്ഷകരുടെ തിരക്കു കാരണം ഓഫീസ് ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. ഇതിന് പരിഹാരം കാണാന്‍ ആഴ്ചയില്‍ ഒരു ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനമില്ലാത്ത ദിവസമായി നിശ്ചയിക്കാനും ആലോചിക്കുന്നുണ്ട്. വില്ലേജ് ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം.
അനധികൃത മണല്‍ക്കടത്ത്, പാറ, ചെമണ്ണ് ഖനനം എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുഴ, തോട് എന്നിവയുടെ കയ്യേറ്റത്തിനെതിരെയും ഗൗരവ ശ്രദ്ധ പുലര്‍ത്തനം. എ.ഡി.എം ടി.ജനില്‍കുമാര്‍, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, അസി. കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് എന്നിവര്‍ പങ്കെടുത്തു. സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് വകുപ്പ് നടപ്പാക്കുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
 

date