Skip to main content

അന്ധകാരനഴിയിലെ തെക്കുഭാഗത്തെ  ഷട്ടറുകൾ ഉടൻ അടയ്ക്കും

 

ആലപ്പുഴ: അന്ധകാരനഴിയിലെ തെക്ക് ഭാഗത്തെ ഷട്ടറുകൾ ഉടൻ അടയ്ക്കാൻ ഉപദേശകസമിതി യോഗത്തിൽ തീരുമാനം. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. 

 

അന്ധകാരനഴിക്ക് തെക്ക് പഞ്ചായത്തുകളിലെ ഓരുവെള്ളത്തിന്റെ അളവ് 54 മില്ലീമോസായി ഉയർന്നതിനാൽ കൃഷിയെ ബാധിക്കുന്നതു തടയാനാണ് ഷട്ടർ അടയ്ക്കുന്നത്. വടക്കു ഭാഗത്ത് നിലവിൽ തുറന്നിരിക്കുന്ന ഷട്ടറുകൾ അടയ്ക്കില്ല. ഒരു നെല്ലും ഒരു മീനും എന്നതിനു പകരം വർഷം മുഴുവൻ മത്സ്യകൃഷിചെയ്യുന്ന രീതി അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മത്സ്യകൃഷിയ്ക്കായി മാത്രം പാടശേഖരങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

അന്ധകാരനഴി ഷട്ടറിന്റെ ഇലക്ട്രിഫിക്കേഷൻ പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എം. ഷെരീഫ് ആവശ്യപ്പെട്ടു. പൊഴിയിൽനിന്ന് മണൽ കടത്താതിരിക്കാനുള്ള നടപടി വേണമെന്നു മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധി ആവശ്യപ്പെട്ടു. ഷട്ടറുകൾ ഒരു ദിവസം കൊണ്ട് അടയ്ക്കാനാകുമെന്ന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. 

 

ജില്ലാ കളക്ടർ ടി.വി. അനുപമ, എ.ഡി.എ.മ്മിന്റെ ചുമതല വഹിക്കുന്ന പുഞ്ച സ്‌പെഷൽ ഓഫീസർ മോൻസി പി. അലക്‌സാണ്ടർ, സബ് കളക്ടർ വി.ആർ.കെ. തേജാ മൈലാവരപ്പൂ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജെ. പ്രേംകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഉപദേശക സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

(പി.എൻ.എ.3000/17)

 

date