Skip to main content

ആലപ്പുഴ ബൈപ്പാസ് പരിപാലന ചാർജ്ജുകൾ റെയിൽവേ  ഒഴിവാക്കി: മന്ത്രി ജി. സുധാകരൻ

 

 

ആലപ്പുഴ: കേരളത്തിലെ ദേശീയപാതയിലെ പ്രധാന ബൈപ്പാസുകളിലൊന്നായ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായ തുമ്പോളി, പുന്നപ്ര റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിന് സൂപ്പർവിഷൻ, മെയിന്റനൻസ് ചാർജ്ജുകൾ അടയ്ക്കുന്നത് ഇളവ് നൽകി ഉത്തരവ് ലഭിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. 

 

ആലപ്പുഴ ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കേണ്ട രണ്ടു റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് സൂപ്പർവിഷൻ ചാർജ്ജ്, മെയിന്റനൻസ് ചാർജ്ജ് എന്നിവയുടെ വിഹിതമായി 2.13 കോടി രൂപ റെയിൽവേ ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താൽ പ്രവൃത്തിക്ക് ആറു മാസത്തിലധികം കാലതാമസം ഉണ്ടായതായി മന്ത്രി അറിയിച്ചു. ഇതിന് ഈ ഉത്തരവോടുകൂടി പരിഹാരമായിരിക്കുകയാണ്. 

 

കേരളത്തിലെ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയെ ഇതിനായി ഡൽഹിയിൽ അയച്ച് കേന്ദ്രമന്ത്രാലയവുമായും കേന്ദ്ര ട്രാൻസ്‌പോർട്ട് സെക്രട്ടറിയുമായും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായതെന്ന് മന്ത്രി അറിയിച്ചു.        

 

കേന്ദ്ര റെയിൽവേ മന്ത്രാലയവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും തമ്മിൽ 2014 നവംബർ മാസം ഒപ്പുവെച്ച ധാരണാപത്ര പ്രകാരം ദേശീയപാത അതോറിറ്റി, സംസ്ഥാന ദേശീയപാത വിഭാഗം എന്നിവർ ദേശീയകോറിഡോറുകളിൽ നടത്തുന്ന മേൽപ്പാലങ്ങൾക്കും അടിപ്പാതകൾക്കും സൂപ്പർവിഷൻ ചാർജ്ജോ, മെയിന്റനൻസ് ചാർജ്ജോ ഈടാക്കുകയില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ആർ.ഒ.ബികൾക്ക് ഇത്തരം ചാർജ്ജുകൾ ചുമത്തുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം റെയിൽവേയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തിൽ റെയിൽവേയിൽ നിന്ന് നല്ല സഹകരണം ഉണ്ടായെന്നും മന്ത്രി ജി.സുധാകരൻ അറിയിച്ചു.        

                                                         

 

(പി.എൻ.എ.2967/17)

 

 

 

// അവസാനിച്ചു //

date