പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണം: സെമിനാര്‍
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആദ്യ സെമിനാര്‍ വിഷയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായി. നവകേരള സൃഷ്ടിയില്‍ പൊതുവിദ്യഭ്യാസത്തിന്റെ പങ്ക് എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറില്‍ സ്റ്റേറ്റ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗം എ.കെ അബ്ദുള്‍ ഹക്കീം മുഖ്യാതിഥിയായി. പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ഓരോ മലയാളിയും ഏറ്റെടുക്കേണ്ട രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ മൗലികാവാശങ്ങളിലൊന്നായ എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസമെന്നത് ഇന്നും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയെ വിമര്‍ശനാത്മകമായി പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. ഇവിടെയാണ് പൊതുവിദ്യാലയ സംരക്ഷണമെന്ന സര്‍ക്കാര്‍ നയത്തിന് പ്രാധാന്യമേറുന്നത്. ഭൗതിക-അക്കാദമിക തലങ്ങളില്‍ ദുഷ്‌കരമായ ഒരുകാലഘട്ടം കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്കുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ തന്നെയാണ് വിദേശത്തുനിന്നു വന്ന പണം കേരള സാമ്പത്തിക സ്ഥിതിക്ക് ഉണര്‍വ്വുണ്ടാക്കിയതും. ഇതോടെ പൊതുവിദ്യാലയങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതലുള്ള സ്വാകര്യ വിദ്യാലയങ്ങളിലെത്തി. ആദ്യകാലങ്ങളില്‍ ആരും എതിര്‍ത്തില്ലെങ്കിലും രണ്ടായിരത്തോടെയാണ് ഭവിഷത്ത് മനസ്സിലാവുന്നത്. കേരളത്തിന്റെ മതേതര സംസ്‌കാരത്തിന് കടുത്ത വെല്ലുവിളിയായി ഭൂരിഭാഗം സ്വകാര്യ വിദ്യാലയങ്ങളും മതസ്ഥാപനങ്ങള്‍ക്കു കീഴിലായി. കേരളത്തില്‍ അപകടകരമായ രീതിയില്‍ മതധ്രൂവികരണങ്ങള്‍ക്കാണ് പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ച ഇടയാക്കിയത്. കേവലം വിദ്യാലയങ്ങള്‍ ഹൈടെക്കാക്കുക എന്നതിനുപരി സാമൂഹികമായ പരിവര്‍ത്തനമാണ് പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്‌കൂളുകളില്‍ അക്കാദമിക മികവുണ്ടെന്ന തെറ്റിധാരണ മിക്ക രക്ഷിതാക്കള്‍ക്കുമുണ്ട്. കാലഘട്ടത്തിന്റെ ആവശ്യമായ സാങ്കേതിക അധ്യാപന രീതിയായ ടെക്‌നോ പെഡഗോഗി കരിക്കുലമാണ് പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഏഴായിരം കോടി ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം ശാസ്ത്ര-വൈജ്ഞാന ബോധനമാണ്. എന്നാല്‍ ഭൂരിഭാഗം അധ്യാപകരുടെയും യന്ത്രഭയം പദ്ധതിക്ക് കത്തിവയ്ക്കുന്നുണ്ട്. കുട്ടികളുടെ പഠന വൈകല്യത്തോടൊപ്പം അധ്യാപക സമൂഹം അവരുടെ ബോധന വൈകല്യവും മനസ്സിലാക്കണം. കഴിഞ്ഞ വര്‍ഷം 68 ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. കുട്ടികളുടെ മാനസ്സികാവസ്ഥ മനസ്സിലാക്കാനും ഈഗോ മാറ്റി വയ്ക്കാനും അധ്യാപകര്‍ക്ക് കഴിയണം. ക്ലാസു മുറികളിലെ ജനാധിപത്യ വത്ക്കരണം പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ മര്‍മ്മമാണ്. കാലത്തിനനുസരിച്ച് അധ്യാപക സമൂഹത്തിലും നവീകരണം സാധ്യമായാല്‍ മാത്രമേ പൊതുവിദ്യാലയ സംരക്ഷണം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയിക്കുകയുള്ളൂവെന്നും അബ്ദുള്‍ ഹക്കീം അഭിപ്രായപ്പെട്ടു.
വിജ്ഞാനം പ്രതി-വിജ്ഞാനമായി മാറുന്ന സാഹചര്യം പ്രധാന പ്രതിസന്ധിയാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജി.അലക്‌സാണ്ടര്‍ പറഞ്ഞു. സാങ്കേതിക വിദ്യാധിഷ്ഠിതമായ വളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പഴയ തലമുറ വെല്ലുവിളി നേരിടുന്നുണ്ടെന്ന് യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ പി. സുരേഷ്‌കുമാര്‍ പറഞ്ഞു. ജില്ലയില്‍ ചില വിദ്യാലയങ്ങള്‍ ഗോത്രവിദ്യാലയങ്ങളായി മാറുന്ന സാഹചര്യമുണ്ട്. ഇതിന് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡയറ്റ് സിനീയര്‍ ലക്ചറര്‍ ഡോ. ഭാമിനി സെമിനാര്‍ നിയന്ത്രിച്ചു. അധ്യാപകരടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- Log in to post comments