Skip to main content

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

 

കാക്കനാട്: കേരള മീഡിയ അക്കാദമിയുടെ 2016-ലെ ആറു മാധ്യമ അവാര്‍ഡുകള്‍ എറണാകുളം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. 25000/- രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് പുരസ്‌കാരം. ജനുവരിയില്‍ മീഡിയ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. 

 

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് മലയാള മനോരമ ദിനപത്രത്തിന്റെ എ.എസ്. ഉല്ലാസ് അര്‍ഹനായി. മലയാളിയുടെ ദൈനംദിന ഭക്ഷണത്തി ലുള്‍പ്പെടുന്ന മീന്‍ കേടുകൂടാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സമൂഹശ്രദ്ധയിലെത്തിക്കുന്ന 'തിന്നുന്നതെല്ലാം മീനല്ല' എന്ന റിപ്പോര്‍ട്ടാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. ഡോ. ടി. എന്‍. സീമ, പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, സണ്ണികുട്ടി എബ്രഹാം എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതി     യംഗങ്ങള്‍. 

 

മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍  അവാര്‍ഡിന് മംഗളം ദിനപത്രത്തിലെ ലേഖകന്‍ വി.പി. നിസാര്‍  അര്‍ഹനായി. 2016 ഡിസംബര്‍ 27  മുതല്‍ 31 വരെ പ്രസിദ്ധീകരിച്ച  അവഗണനയുടെ അരക്ഷിതാവസ്ഥയില്‍ നിന്നും ജ്വലിച്ചുയരുന്ന കാടിന്റെ മക്കളുടെ നേട്ടങ്ങളെക്കുറിച്ചുള്ള  അന്വേഷണപരമ്പരയായ 'ഊരുകളിലുമുണ്ട് ഉജ്ജ്വലരത്‌നങ്ങള്‍' ആണ്   നിസാറിനെ അവാര്‍ഡിനര്‍ഹനാക്കിയത്. സി.പി. നായര്‍, എന്‍. മാധവന്‍കുട്ടി, സരിതാവര്‍മ്മ എന്നിവരായിരുന്നു വിധിനിര്‍ണ്ണയസമിതിയംഗങ്ങള്‍. 

 

മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി ദിനപത്രത്തിന്റെ കളമശ്ശേരി ലേഖകന്‍ എന്‍.പി. ഹരിദാസ് അര്‍ഹനായി. എറണാകുളം ജില്ലയിലെ ആരോഗ്യമേഖലയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന 'ചികിത്‌സ വേണം ഈ മെഡിക്കല്‍ കോളേജിന് ' എന്ന പരമ്പരയാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. പി. സുജാതന്‍, എസ്. നാസര്‍, മനോജ് പുതിയവിള എന്നിവരായിരുന്നു വിധിനിര്‍ണ്ണയസമിതിയംഗങ്ങള്‍. 

 

മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് കേരളഭൂഷണം ദിനപത്രത്തിലെ എക്‌സിക്യൂട്ടീവ് എഡിറ്ററായ കെ.എം. സന്തോഷ്‌കുമാര്‍ അര്‍ഹനായി. മാറുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് കേരളത്തിലെ വൃദ്ധജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആശയം അവതരിപ്പിച്ച 'വേണം പുതിയ സാമൂഹ്യസ്ഥാപനങ്ങള്‍' എന്ന എഡിറ്റോറിയലാണ് സന്തോഷ്‌കുമാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രഭാവര്‍മ്മ, എം.പി. അച്യുതന്‍, എന്‍.പി. രാജേന്ദ്രന്‍ എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.  

 

മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡിന് മെട്രോ വാര്‍ത്തയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ മനു ഷെല്ലി അര്‍ഹനായി. അപകടത്തില്‍പ്പെട്ട് റോഡില്‍ മരണാസന്നനായി കിടക്കുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ അവഗണിച്ച് കടന്നു പോകുന്ന യാത്രക്കാരുടെ ദൃശ്യം പകര്‍ത്തിയ 'മറക്കരുത് മനുഷ്യനാണ് 'എന്ന ചിത്രമാണ്  മനുവിനെ അവാര്‍ഡിനര്‍ഹനാക്കിയത്. എന്‍. ബാലകൃഷ്ണന്‍, രാജന്‍ പോള്‍, പി. മുസ്തഫ എന്നിവരായിരുന്നു വിധിനിര്‍ണ്ണയസമിതിയംഗങ്ങള്‍. 

 

മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍  സലാം പി. ഹൈദ്രോസ് അര്‍ഹനായി. സിക്‌സ് പാക്ക് മസില്‍ സ്വപ്നവുമായി നടക്കുന്ന യുവാക്കള്‍ക്ക് ജിമ്മുകളില്‍ നല്‍കുന്ന ഉത്തേജക മരുന്നുകളുടെ ഭവിഷ്യത്ത് വ്യക്തമായി അവതരിപ്പിച്ച ' ആരോഗ്യം കാര്‍ന്നുതിന്നുന്ന ഹെല്‍ത്ത് ക്ലബുകള്‍ - ജിം ഇന്‍വെസ്റ്റിഗേഷന്‍' എന്ന റിപ്പോര്‍ട്ടാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എന്‍. മാധവന്‍കുട്ടി, കെ. രാജഗോപാല്‍, കെ.ജി. ജ്യോതിര്‍ഘോഷ് എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.  

date