Skip to main content

 സാന്ത്വന ചികിത്സാരംഗത്ത് സംസ്ഥാനം ലോകശ്രദ്ധ നേടുന്നു: മുഖ്യമന്ത്രി 

     സാന്ത്വന ചികിത്സാ   രംഗത്ത് സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം ലോകശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തില്‍ മികച്ച രീതിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.  സാന്ത്വന ചികിത്സ ആവശ്യമുള്ള രോഗികള്‍ ആറില്‍ ഒരാള്‍ ഇന്ത്യയിലാണെങ്കിലും ഇന്ത്യയിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തന നിരക്ക് മൂന്ന് ശതമാനം മാത്രമാണ്. കേരളത്തിലാകട്ടെ ഇത് എണ്‍പത് ശതമാനത്തിലധികമാണ്.   ദേശീയ അന്തര്‍ദേശീയ തലത്തില്‍ രൂപീകരിച്ചിട്ടുള്ള ഒട്ടു മിക്ക പാലിയേറ്റീവ് കെയര്‍ സംരംഭങ്ങള്‍ക്കും നമ്മുടെ നാട് മാതൃകയാണെന്നത് അഭിമാനാര്‍ഹമാണെന്നും ഈ രംഗത്ത് സംസ്ഥാനത്തിന്റെ നേട്ടം ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
     ജില്ലാ മെഡിക്കല്‍ ഓഫീസ് കോമ്പൗണ്ടില്‍  സ്‌നേഹം മെഡിക്കല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി  മന്ദിരത്തിന്റെയും സ്‌നേഹസ്പര്‍ശം സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  രോഗബാധിതര്‍ക്ക്മാത്രമല്ല വാര്‍ധക്യസഹജമായി കിടപ്പിലാവുന്നവരുടെ ജീവിതാന്ത്യ ഘട്ടം സുഗമമാക്കുന്നതിനും സാന്ത്വന ചികിത്സയുടെ ഗുണമെത്തിക്കാനാവണം. സര്‍ക്കാരുകളുടെ മാത്രമല്ല സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരും ഇതിന്റെ ഭാഗമാവണം. ഇപ്പോള്‍ തന്നെ പ്രവാസികളടക്കമുള്ളവരുടെ വലിയ സഹകരണം ഈ രംഗത്തുണ്ട്. ഈ  കൂട്ടായ പ്രവര്‍ത്തനമാണ് ഈ രംഗത്തെ മികവിനെ   നമ്മെ പ്രാപ്തരാക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
    ആസന്ന മരണരായി കഴിയുന്ന രോഗികള്‍ക്ക് മികച്ച സാന്ത്വന ചികിത്സ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങല്‍ മാതൃകാപരവും അഭിനന്ദാര്‍ഹവുമാണ്. കുട്ടികള്‍ മിഠായി വാങ്ങാനുപയോഗിക്കുന്ന തുകയില്‍ നിന്ന് ഒരു രൂപ ശേഖരിച്ച് അവശരായവരെ സഹായിക്കാനുള്ള നിധി രൂപീകരിക്കുന്ന ജില്ലാ  പഞ്ചായത്തിന്റെ  സ്‌നേഹംമധുരം പദ്ധതി എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തവും ശ്ലാഘനീയവുമാണ്. ഇത്  ഇളം മനസ്സുകളില്‍ സഹായമനസ്ഥിതി വളര്‍ത്തുന്ന പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
     സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു തദ്ദേശസ്വയംഭരണസ്ഥാപനം ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് സാന്ത്വന ചികിത്സാ രംഗത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് അദ്ധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അറിയിച്ചു. 
     
    മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്‌നേഹ സ്പര്‍ശം പദ്ധതിയില്‍  ജില്ലയിലെ എല്ലാ ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കും പ്രതിമാസം 2000 രൂപ സ്‌കോളര്‍ഷിപ്പായും പ്രതിവര്‍ഷം  2500 രൂപ യൂണിഫോം അലവന്‍സായും ലഭ്യമാക്കും. ചടങ്ങില്‍ കണ്ണന്‍,മഞ്ജു, സ്വാമിനാഥന്‍, വിനു എന്നീ കുട്ടികള്‍ക്ക്  മുഖ്യമന്ത്രി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. 
    സ്‌നേഹം മധുരം പദ്ധതിയുടെ ഉദ്ഘാടനവും   ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടര്‍ വിതരണവും കെ മുരളീധരന്‍ എം എല്‍ എ നിര്‍വഹിച്ചു.  വിവിധ സ്‌കൂളുകള്‍ സമാഹരിച്ച ഫണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.  മുച്ചക്ര സ്‌കൂട്ടര്‍ വിതരണ പദ്ധതിയുടെ ഭാഗമായി 90 സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു.
    ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി രഞ്ജിത്, ബി പി മുരളി,  പ്രീജ, ഡോ ഗീതാ രാജശേഖരന്‍, നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി  സുഭാഷ് പി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. 

date