പോക്സോ നിയമം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കും -മാധ്യമ സെമിനാര്‍
കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിന് 2012ല്‍ നിലവില്‍ വന്ന കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം (പോക്സോ) കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ശ്രദ്ധേയമായ ഒരു ചുവടുവയ്പാണെന്ന് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ പോക്സോ നിയമം സംബന്ധിച്ച് നടന്ന സെമിനാര്‍ വിലയിരുത്തി. മുന്‍കാലങ്ങളില്‍ അതിക്രമങ്ങള്‍ക്ക് ഇരയായിരുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിപ്പെടാറില്ലായിരുന്നു. പലപ്പോഴും കുട്ടികളുടെ ഭാവിയെക്കരുതിയാണ് ഇത്തരത്തില്‍ രക്ഷകര്‍ത്താക്കള്‍ നിലപാട് എടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അപരിചിതരില്‍ നിന്നുള്ള അതിക്രമങ്ങളേക്കാള്‍ കൂടുതലും പരിചിതരില്‍ നിന്നാണ് പലപ്പോഴും കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് വിധേയമാകുന്നത്. വീടുമായുള്ള അടുപ്പം മുതലെടുത്ത് കുട്ടികളെ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരുണ്ട്. ബന്ധുക്കളില്‍ നിന്ന് പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണവും കുറവല്ല. ആണ്‍കുട്ടികളും ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. സ്കൂളുകളില്‍ നടക്കുന്ന കൗണ്‍സിലിംഗുകളിലാണ് മിക്കപ്പോഴും അതിക്രമങ്ങള്‍ പുറത്തറിയുന്നത്. അതിക്രമങ്ങള്‍ ഉണ്ടായാലും ചില രക്ഷിതാക്കള്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാറുണ്ട്. ഈ പ്രവണതയില്‍ മാറ്റമുണ്ടായാല്‍ മാത്രമേ കുറ്റവാളികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയൂ.
ചില സ്കൂള്‍ അധികൃതര്‍ അതിക്രമങ്ങള്‍ ഉണ്ടായാല്‍ യഥാസമയം അവ റിപ്പോര്‍ട്ട് ചെയ്യാറില്ല. ഇത്തരം സ്കൂള്‍ അധികൃതര്‍ക്കെതിരെ പോക്സോ നിയമം അനുസരിച്ച് കേസെടുക്കാന്‍ കഴിയും. കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടായാല്‍ അത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ചില സാഹചര്യങ്ങളില്‍ പോക്സോ നിയമം ദുരുപയോഗപ്പെടുത്തുന്ന അവസ്ഥയുമുണ്ട്. വ്യക്തിവൈരാഗ്യം മൂലമോ മറ്റ് കാരണങ്ങളാലോ ചിലര്‍ക്കെതിരെ വ്യാജ പരാതികള്‍ പലരും നല്‍കാറുണ്ട്. ഇത്തരം വ്യാജപരാതികളെ തിരിച്ചറിയാനും അധികാരികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കഴിയണമെന്നും സെമിനാര്‍ വിലയിരുത്തി. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഫാക്കല്‍റ്റി അഡ്വ.മുഹമ്മദ് അന്‍സാരി വിഷയാവതരണം നടത്തി. മാധ്യമം ബ്യൂറോ ചീഫ് എം. ജെ.ബാബു മോഡറേറ്ററായിരുന്നു. (പിഎന്‍പി 3337/17)
- Log in to post comments