Skip to main content

കണ്ണാശുപത്രിക്ക് പുതിയ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക്; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

 

തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെ പുതിയ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചർ അധ്യക്ഷത വഹിച്ചു.  ഇ-ഹെൽത്ത് പദ്ധതി പ്രാഥമികാരോഗ്യകേന്ദ്രങ്ങൽ മുതൽ മെഡിക്കൽ കോളജുകൾ വരെ ആദ്യമായി ജനസംഖ്യാടിസ്ഥാനത്തിൽ നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. കണ്ണാശുപത്രിയിൽ 92 പുതിയ തസ്തികകൾകൂടി പുതിയ ബ്‌ളോക്കിനായി സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു. ആർദ്രം മിഷനുകീഴിൽ ആശുപത്രി രോഗീസൗഹൃദമാക്കുന്നതിനുവേണ്ടി സൗകര്യങ്ങൾ ഒരുക്കി. ഒ.പിയിലും ഫാർമസിയിലും രോഗികൾ നീണ്ട ക്യൂ നിൽക്കേണ്ട അവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. കണ്ണാശുപത്രിയുടെ പുതിയ ബ്‌ളോക്ക് ആകർഷകമായ പൈതൃകമന്ദിരമായി നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഇ.കെ.ഹൈദ്രു സാങ്കേതികറിപ്പോർട്ട് അവതരിപ്പിച്ചു. മേയർ വി.കെ.പ്രശാന്ത്്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റംലാബിവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.തോമസ് മാത്യു, നഗരസഭ കൗൺസിലർമാരായ വഞ്ചിയൂർ പി.ബാബു, അഡ്വ.സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.

കേരളത്തിലെ നേത്രചികിത്സാ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന തിരുവനന്തപുരം കണ്ണാശുപത്രിയുടെ വികസനത്തിന്റെ നാഴികക്കല്ലാണ് സ്‌പെഷ്യാലിറ്റി ബ്ലോക്ക്. 

ഏഴുനിലകളിലായാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇ-ഹെൽത്ത്, റഫറൽ ഒ.പി., പ്രധാനപ്പെട്ട സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ, ആധുനിക തീയറ്റർ കോംപ്ലക്സ്, ലാബ് സമുച്ചയം, ഡേകെയർ വാർഡ് എന്നിവയാണ് ഇവിടെയുള്ളത്. പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കണ്ണാശുപത്രികളിൽ ഒന്നായി മാറും.

സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ താഴത്തെ നിലയിൽ ഒ.പി. രജിസ്‌ട്രേഷൻ, ഫാർമസി എന്നിവയാണ് പ്രവർത്തിക്കുക. ഒന്നാം നിലയിൽ റഫറൽ ഒ.പി. വിഭാഗം അതിനോടനുബന്ധിച്ച കാഴ്ച പരിശോധന മുറികൾ, ഒരു മൈനർ ഓപ്പറേഷൻ തിയേറ്റർ എന്നിവയാണ് ഉള്ളത്. പ്രതിദിനം ഏകദേശം 600 പേരാണ് റഫറൽ ആയി കണ്ണാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. റഫറൽ ഇല്ലാതെ നേരിട്ട് ചികിത്സയ്ക്കായി ഇരുന്നൂറോളം രോഗികളും എത്തുന്നുണ്ട്. റഫറൽ ഇല്ലാത്ത രോഗികൾക്ക് പഴയ കെട്ടിടത്തിലാണ് സൗകര്യമൊരുക്കുന്നത്. ഇതിനോടനുബന്ധിച്ച് ഇ-ഹെൽത്ത് സംവിധാനങ്ങൾ ഒരുക്കി വരുന്നു. മൈനർ ഓപ്പറേഷൻ തീയേറ്ററിൽ കണ്ണ് സംബന്ധിച്ചുള്ള ചെറിയ ചികിത്സ നടപടികളാണ് നടത്തുന്നത്. രണ്ടാമത്തെ നിലയിൽ ഗ്ലോക്കോമ, കോർണിയ, പീഡിയാട്രിക് ഒഫ്താൽമോളജി സ്‌ക്വിന്റ് (കോങ്കണ്ണ്) എന്നീ സ്‌പെഷ്യലിറ്റി ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്. 

മൂന്നാമത്തെ നിലയിൽ ബയോകെമിസ്ട്രി ലാബ്, മൈക്രോബയോളജി ലാബ്, പത്തോളജി ലാബ് എന്നിവ പ്രവർത്തിക്കും. നാലാമത്തെ നിലയിൽ ഡേ കെയർ വാർഡും അഞ്ചാമത്തെ നിലയിൽ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സുമുണ്ട്. സെല്ലാറിൽ ഇ-ഹെൽത്ത്, ക്യാന്റീൻ, ഇലക്ട്രിക്കൽ റൂം എന്നിവ പ്രവർത്തിക്കും.

പി.എൻ.എക്സ്. 755/19

date