Skip to main content

ഇന്ത്യയിലെ ഏറ്റവും കായിക സൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും : മന്ത്രി തോമസ് ഐസക്ക്

കലവൂർ: വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഭാരതത്തിലെ ഏറ്റവും മികച്ച കായിക സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി റ്റി. എം.തോമസ് ഐസക്ക്.

കായിക ലോകത്തിന് മഹത്തായ സംഭാവനകൾ നൽകിയ കലവൂർ എൻ.ഗോപിനാഥന്റെ സ്മരണയിൽ പ്രീതികുളങ്ങരയിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാ സ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സാർവത്രിക കായിക സംസ്‌കാരം വളർത്തുവാൻ കളിസ്ഥലങ്ങൾ അത്യന്താപേക്ഷിതമാണ്.1500 കോടിയാണ് സംസ്ഥാന സർക്കാർ 100 കളിസ്ഥലങ്ങളുടെ നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത് എന്നും തോമസ് ഐസക്ക് പറഞ്ഞു. കളിസ്ഥലങ്ങൾ ഫലപ്രദമായി ഉപയോഗിക്കുവാൻ വളർന്നു വരുന്ന പുതുതലമുറയ്ക്ക് സാധിക്കണം. സ്‌പോർട്‌സ് കൗൺസിലും സജീവമാണ്.കളിസ്ഥലങ്ങളുടെ അപര്യാപ്തതയാണ് ചില കുട്ടികളെഎങ്കിലും വഴിതെറ്റാൻ പ്രേരണ നൽകുന്നത്. 1000 കലാകാരന്മാർക്ക് 10,000 രൂപവീതം നൽകി സംസ്ഥാന സർക്കാർ ആദരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

കേരള സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് അഞ്ചര കോടി രൂപയാണ് ആദ്യഘട്ടത്തിൽ ചിലവ് പ്രതീക്ഷിക്കുന്നത്.200 മീറ്റർ ഫോർ ലൈൻ ട്രാക്ക്,മിനി ഫുട്ബാൾ ഗ്രൗണ്ട്,മൾട്ടി പർപ്പസ് കോർട്ട്, ഫിറ്റ്‌നെസ്സ് ജിം, 200 പേർക്കുള്ള പവലിയൻ സൗകര്യം എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്.സ്റ്റേഡിയ നിർമ്മാണത്തിനൊപ്പം പ്രീതികുലങ്ങര സ്‌കൂളിന്റെ സംരക്ഷണവും വികസനവും പ്രോജക്ടിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുന്നു.നിലവിലെ സ്‌കൂൾ കെട്ടിടം പുരാതന സ്വഭാവം നിലനിർത്തി സംരക്ഷിക്കുന്നതിനോടൊപ്പം സ്‌കൂളിനായി 6 ക്ലാസ് മുറികൾ അടങ്ങിയ ബഹുനില കെട്ടിടവും പൂർത്തീകരിക്കപെടുകയാണ്.

 

ചടങ്ങിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രദേശത്തെ സ്‌പോർട്‌സ് ക്ലബുകൾക്കുള്ള സ്‌പോർട്‌സ് കിറ്റ് വിതരണം  ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ നിർവഹിച്ചു.ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.റ്റി. മാത്യു, സ്‌പോർട്‌സ് കൗണ്‌സിൽ പ്രസിഡന്റ് പി.ജെ. ജോസഫ്,വൈസ് പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി പ്രദീപ് കുമാർ, ബ്ലോക്ക് മെമ്പർ ശ്രീദേവി, മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ ,വാർഡ് മെമ്പർ ദിനകരൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു

 

വെള്ളത്താൽ ഒറ്റപ്പെട്ട തുരുത്തായി തുടരാൻ കുട്ടനാടിനെ അനുവദിക്കില്ല: 

മന്ത്രി ജി. സുധാകരൻ

 

 

ആലപ്പുഴ: വെള്ളത്താൽ ഒറ്റപ്പെട്ട തുരുത്തായി തുടരാൻ കുട്ടനാടിനെ ഇനിയും അനുവധിക്കിലെന്നും പ്രളയം തകർത്തെറിഞ്ഞ കുട്ടനാട്ടിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പമ്പയാറിന് കുറുകെ ചമ്പക്കുളം നെടുമുടി ഗ്രാമപഞ്ചായത്തികളെ ബന്ധിപ്പിച്ച് നിർമ്മാണം പൂർത്തിയാക്കിയ ചമ്പക്കുളം കനാൽ ജെട്ടി പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

 

സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന ശേഷം കുട്ടനാട്ടിൽ മാത്രം മുപ്പതോളം പാലങ്ങളാണ് നിർമ്മിക്കുന്നത്. ചമ്പക്കുളം പാലം യാഥാർത്ഥ്യമായതോടെ ഈ പ്രദേശങ്ങളിലെ കാർഷിക, വ്യാവസായിക മേഖയ്ക്ക മികച്ച മുന്നേറ്റമാണ് ഉണ്ടാകാൻ പോകുന്നത്. കുട്ടനാട്ടിലെ പ്രധാന റോഡായ എ.സി. റോഡിൽ പതിനഞ്ച് ചെറിയ പാലങ്ങൾ കൂടി നിർമ്മിച്ചുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇനിയൊരു വെള്ളപ്പൊക്കത്തിൽ എ.സി. റോഡ് മുങ്ങാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണിതെന്നും മന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ വികസന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും കോൺട്രാക്ടർമാർ മികച്ച രീതിയിലും സമയ ബന്ധതിമായും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വലിയ തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും ഇനി വരുന്ന സർക്കാരുകൾ ഇത് മാതൃകയാക്കി വേണം പ്രവർത്തിക്കാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എഞ്ചിനീയർ എസ്. മനോ മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയ കോൺട്രാക്ടർ പി.സി. ചെറിയാനുള്ള ഉപഹാരം മന്ത്രി സമർപ്പിച്ചു.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ, നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ചാക്കോ, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യൂ പഞ്ഞിമരം, വൈസ് പ്രസിഡന്റമാരായ യശോദ സുകുമാരൻ, മോളി അലക്സ്, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രസന്നകുമാരി, മിനി മന്മഥൻ, അന്നമ്മ തോമസ്, ചമ്പക്കുളം ബസലിക്ക റെക്ടർ ഫാ. എബ്രഹാം കാളാത്തുകുളം, എം.സി. സെബാസ്റ്റിയൻ, ആർ. നാസർ, ദക്ഷിണ മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ എസ്. സുധ, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ എന്നിവർ പ്രസംഗിച്ചു.

.

date