Skip to main content

തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കാന്‍ ജില്ലാഭരണകൂടത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ

ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണം  100 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കാന്‍  ജില്ലാഭരണകൂടത്തിന്  രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ജില്ലാഭരണകൂടത്തിന് പിന്തുണ നല്‍കിയത്.  
ഫ്ളക്സുകളും പ്ലാസ്റ്റിക് ബോര്‍ഡുകളും പൂര്‍ണമായും ഒഴിവാക്കണമെന്നും  ഇക്കാര്യത്തില്‍ ബഹു.  കേരളാ ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കണ മെന്നുമായിരുന്നു കല്ടറുടെ അഭ്യര്‍ഥന. പുതിയതായി ഫ്ളക്സുകള്‍ സ്ഥാപിക്കരുത്. നിലവിലുള്ള ഫ്ളക്സുകളും പ്ലാസ്റ്റിക് ബോര്‍ഡുകളും നീക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ചുമതലയുണ്ട്.   ഇത്തരത്തില്‍ ഫ്ളക്സുകള്‍ നീക്കം ചെയ്യാനുള്ള ചെലവ് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞ് തോടുകളും കനാലുകളും അടഞ്ഞുപോയത് പ്രളയത്തിന്റെ രൂക്ഷത വര്‍ധിക്കാന്‍ കാരണമായെന്നും അമിത് മീണ ഓര്‍മിപ്പിച്ചു.  പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പി.വി.സി ഉല്പന്നങ്ങള്‍ ഒഴിവാക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും കലക്ടര്‍ പറഞ്ഞു.  
            ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ ഓഫീസുകളിലേക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് യോഗത്തില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ബൂത്തുകളും വോട്ടെണ്ണല്‍ കേന്ദ്രവും പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായിരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദപരമായി അലങ്കരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ബൂത്തുകള്‍ക്ക് പ്രത്യേക ഉപഹാരം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
       ഉമ്മര്‍ അറക്കല്‍, പ്രജീഷ് ഒപി, എ.പി ഉണ്ണി, മുഹമ്മദാലി, ടി. ബാബു, പി.കെ.എസ് മുജീബ് ഹസ്സന്‍, കെ. രാമചന്ദ്രന്‍, സജീഷ്.എം,  കെ. ബാബുരാജ്, ഗോപാലന്‍, കെ.പി.എ നാസര്‍ തുടങ്ങിയവര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് യോഗത്തില്‍ സംബന്ധിച്ചു.

 

date