Skip to main content
പത്തനംതിട്ട പ്രസ്  ക്ലബ്ബില്‍ നടന്ന മാധ്യമ സെമിനാറില്‍ കുട്ടികളുടെ അവകാശ സംരക്ഷണവും തദ്ദേശ ഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ ഷാന്‍ രമേശ് ഗോപന്‍ ക്ലാസെടുക്കുന്നു.

ബാല ഗ്രാമസഭകള്‍ കാര്യക്ഷമമായി നടക്കുന്നില്ല മാധ്യമ സെമിനാര്‍

    ആസൂത്രണ പ്രക്രിയയില്‍ കുട്ടികള്‍ക്ക് പങ്കാളിത്തം നല്‍കുന്നതിനായി രൂപം നല്‍കിയിട്ടുള്ള കുട്ടികളുടെ ഗ്രാമസഭകള്‍ ജില്ലയില്‍ കാര്യക്ഷമമായി നടക്കുന്നില്ല എന്ന് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ നടന്ന കുട്ടികളുടെ അവകാശ സംരക്ഷണവും തദ്ദേശഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിലുള്ള മാധ്യമ സെമിനാര്‍ വിലയിരുത്തി. ബാലസൗഹൃദ തദ്ദേശഭരണം പഞ്ചായത്ത് രാജ് നിയമത്തിന്‍റെ ഒരു പ്രധാന ഘടകമാണ്. കുട്ടികളുടെ ഗ്രാമസഭ ആറ് മാസത്തിലൊരിക്കല്‍ ചേരണമെന്നാണ് നിയമം. ബന്ധപ്പെട്ട വാര്‍ഡംഗം അല്ലെങ്കില്‍ കൗണ്‍സിലറാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. എന്നാല്‍ പല തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ ബാലഗ്രാമസഭകള്‍ കൃത്യമായി നടക്കാറില്ല. നടക്കുന്ന സ്ഥലങ്ങളില്‍ പലപ്പോഴും കുട്ടികളുടെ പങ്കാളിത്തവും കുറവാണ്. ബാലഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകളുടെ ഭരണനിര്‍വഹണാവകാശം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ ബാലാവകാശ സംരക്ഷണത്തിലും കുട്ടികളുടെ വികസനത്തിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക്   ഏറെ വലുതാണ്. ഗ്രാമതലത്തില്‍ വില്ലേജ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളും ബ്ലോക്ക്തലത്തിലും ബ്ലോക്ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളും ജില്ലാതലത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളും പ്രവര്‍ത്തിക്കേണ്ടതുണ്ട്. 
    തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബാധ്യതയാണ്. ജില്ലയില്‍ ബാലാവകാശ സംരക്ഷണത്തിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് വൈവിധ്യമാര്‍ന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. പിന്നാക്ക മേഖലകളിലെയും അനാഥമന്ദിരങ്ങളിലെയും കുട്ടികളുടെ കലാകായികാഭിരുചികള്‍ കണ്ടെത്തുന്നതിനുള്ള ദിശ പദ്ധതി,   അനാഥമന്ദിരങ്ങളിലെ കുട്ടികളില്‍ കൃഷിയില്‍ താത്പര്യം ജനിപ്പിക്കുന്നതിനുള്ള ഹരിതോദയം പദ്ധതി, ഗവി, മൂഴിയാര്‍, അട്ടത്തോട് മേഖലകളിലെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സുഭക്ഷിത ബാല്യം സുന്ദരബാല്യം പദ്ധതി, ശബരിമലയില്‍ ബാലഭിക്ഷാടനവും ബാലവേലയും ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷന്‍ ശരണബാല്യം പദ്ധതി, ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനുള്ള അതിജീവനം പദ്ധതി തുടങ്ങിയ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ജില്ലയില്‍ നടപ്പാക്കുന്നത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഫാക്കല്‍റ്റി ഷാന്‍ രമേശ് ഗോപന്‍ വിഷയാവതരണം നടത്തി. മാതൃഭൂമി ബ്യൂറോ ചീഫ് ടി.അജിത്കുമാര്‍ മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി.ശ്രീഷ്, പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ബോബി എബ്രഹാം, സെക്രട്ടറി ബിജു കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                                         (പിഎന്‍പി 3361/17)

date