Skip to main content
പ്രതിരോധമരുന്നുകളുടെയും പരിസരശുചിത്വത്തിന്റെയും  ആവശ്യകത സംബന്ധിച്ച് എളന്തിക്കരയില്‍ ദീപിന്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിമനുമായി ചേര്‍ന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ബോധവല്‍ക്കരണപരിപാടി ഡോ ആന്‍ മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു

പ്രതിരോധ കുത്തിവെപ്പിനോട് വിമുഖതയരുത്

 

 

കൊച്ചി: പ്രതിരോധകുത്തിവെപ്പുകളോട് വിമുഖതയരുതെന്ന് ശ്രീനാരായണ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ആന്‍ മേരി തോമസ് പറഞ്ഞു.  പ്രതിരോധമരുന്നുകളുടെയും പരിസരശുചിത്വത്തിന്റെയും  ആവശ്യകത സംബന്ധിച്ച് എളന്തിക്കരയില്‍ ദീപിന്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിമനുമായി ചേര്‍ന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ബോധവല്‍ക്കരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ ആന്‍ മേരി. 

 

കുഞ്ഞുങ്ങള്‍ക്ക് അണുബാധ പ്രതിരോധിക്കാന്‍ ആദ്യത്തെ മാര്‍ഗം മുലപ്പാലാണ്. തുടര്‍ന്ന് ബിസിജി, പെന്റവാലന്റ് വാക്‌സിന്‍ തുടങ്ങിയവ നല്കണം. 

പോളിയോ, ഡിഫ്തീരിയ, മീസില്‍സ്  റൂബല്ല എന്നിവ മാത്രമല്ല മറ്റ് നിരവധി രോഗങ്ങള്‍ക്കുള്ള വാക്‌സിനുകളും ശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അറുപതു വയസ്സുകഴിഞ്ഞവര്‍ക്ക് ന്യുമോണിയ, ഇന്‍ഫഌവെന്‍സ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ കുത്തിവെയ്പ് നല്കാം. വസൂരി, പോളിയോ തുടങ്ങി പല രോഗങ്ങളും നമുക്ക് നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞത് കുത്തിവെയ്പ് മൂലമാണ്. രോഗത്തെ ചെറുക്കുന്നതിന് ശാസ്്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള മാര്‍ഗമാണ് പ്രതിരോധകുത്തിവെപ്പുകള്‍. പ്രതിരോധകുത്തിവെയ്പുകള്‍ക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളില്‍ വീണുപോകരുതെന്നും ഡോ ആന്‍ മേരി പറഞ്ഞു. 

 

പരിസര ശുചിത്വത്തിന്റെ ആവശ്യകതസംബന്ധിച്ച് ശ്രീനാരായണ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ ലിബിന്‍ ചാക്കോ സംസാരിച്ചു. സതീഷ് ചന്ദ്രന്‍, കെ ഡി അഗസ്റ്റിന്‍, ദീപിന്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡണ്ട് സെലിന്‍ ജോസഫ്, എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി എഡിറ്റര്‍ കെ കല തുടങ്ങിയവര്‍ സംസാരിച്ചു.

date