Skip to main content

പാരമ്പര്യേതര ഊർജ്ജസ്രോതസുകളുടെ ഉപയോഗം  പ്രോത്സാഹിപ്പിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

ആലപ്പുഴ: പാരമ്പര്യേതര ഊർജ്ജസ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങൾ വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ പറഞ്ഞു. എനർജി മാനേജമെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ എസ്.ഡി. കോളജിൽ സംഘടിപ്പിച്ച ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ സൗരോർജ്ജത്തിൽനിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ആലോചിക്കുന്നുണ്ട്. സ്ഥാപനങ്ങൾക്കുവേണ്ട വൈദ്യുതി ഇതിൽനിന്ന് ഉത്പാദിപ്പിക്കുന്നതിനൊപ്പം അധികമുള്ളത് കെ.എസ്.ഇ.ബി.ക്കു നൽകുന്നതിനു സാധിക്കും. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നു. പാരമ്പര്യ ഊർജ്ജസ്രോതസുകളെ മാത്രം ആശ്രയിച്ച് കഴിയാവുന്ന സ്ഥിതിയില്ല. സൗരോർജ്ജവും മാലിന്യത്തിൽനിന്നുള്ള ഊർജ്ജഉത്പാദനവും അടക്കമുള്ള മാർഗങ്ങൾ ഫലപ്രദമായി ഉപയോഗിച്ചാലേ ഊർജ്ജ പ്രതിസന്ധിക്കു പരിഹാരം കാണാനാകൂ. വികസനം സാധ്യമാകണമെങ്കിൽ ഊർജ്ജപ്രതിസന്ധി പരിഹരിക്കപ്പെടണം. വൈദ്യുതിയടക്കം പാഴാക്കാതെ ഉപയോഗിക്കാനുള്ള ശീലം സമൂഹത്തിലാകെ വളരണമെന്നും അദ്ദേഹം പറഞ്ഞു.

എനർജി മാനേജ്‌മെന്റ് സെന്റർ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എച്ച്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എസ്.ഡി. കോളജ് പ്രിൻസിപ്പൽ ഡോ. എസ്. നടരാജ അയ്യർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ടി. മാത്യു, അധ്യാപകരായ കെ.എസ്. വിനീത് ചന്ദ്ര, ഡോ. ഉണ്ണിക്കൃഷ്ണപിള്ള, ഡോ.ജെ. വീണ എന്നിവർ പ്രസംഗിച്ചു. കില ജൂനിയർ മാസ്റ്റർ ട്രെയിനർ ടോംസ് ആന്റണി ഊർജ്ജസംരക്ഷണ ക്ലാസെടുത്തു.

 

(പി.എൻ.എ.3025/17)

date