Skip to main content

കോഴിക്കോട് അറിയിപ്പുകള്‍1

പരിശീലന ക്ലാസ്സ് ഇന്ന് (ഏപ്രില്‍ 03)

 

ലോകസഭ ഇലക്ഷന്‍ 2019 മാര്‍ച്ച് 30, ഏപ്രില്‍ ഒന്ന് തീയതികളില്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാത്തവര്‍ക്ക് ഇന്ന് (ഏപ്രില്‍ 03) രാവിലെ 9.30 ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് അസി. റിട്ടേണിംഗ് ഓഫീസര്‍ (023 കൊയിലാണ്ടി എല്‍.എ.സി)  അറിയിച്ചു. 

 

 

ഖാദി വിഷു മേള

കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ് ഓടുകൂടി കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ വിൽപനശാലകളിൽ ഏപ്രിൽ 3 മുതൽ 13 വരെ ഖാദി വിഷു മേള നടത്തും.

 

 

തെരഞ്ഞെടുപ്പ് ചെലവ് രജിസ്‌ട്രേഷന്‍;

പരിശീലനം നാളെ (ഏപ്രില്‍ 4)

 

ലോകസഭതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് രജിസ്റ്റര്‍ എഴുതുന്നത് സംബന്ധിച്ചും കണക്കുകള്‍ റീകണ്‍സിലിയേഷന്‍ ചെയ്യുന്നത് സംബന്ധിച്ചുമുള്ള പരിശീലന ക്ലാസ് നാളെ (ഏപ്രില്‍ 4) രാവിലെ 10 മണിക്ക് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. സ്ഥാനാര്‍ത്ഥിയുടെ സാമ്പത്തികകാര്യ ഏജന്റുമാരും അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരും അക്കൗണ്ടിംഗ് ടീമംഗങ്ങളും ക്ലാസില്‍ പങ്കെടുക്കണമെന്ന് സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.  

 

ലോകസഭ തെരഞ്ഞടുപ്പ് ;

ബോധവത്കരണ സൈക്കിള്‍ റാലി 7 ന് 

 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് പദ്ധതിക്ക് പിന്തുണയുമായി കോഴിക്കോട് ജില്ലാ ഭരണകൂടവും ഗ്രീന്‍ കെയര്‍മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ചും സംയുക്തമായി  ഏപ്രില്‍ ഏഴിന് വൈകീട്ട് 4.30 ന് ബോധവത്കരണ സൈക്കിള്‍ റാലി സംഘടിപ്പിക്കും. തെരഞ്ഞെടുപ്പില്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുക, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പരിസ്ഥിതി സൗഹൃദമാക്കുക തുടങ്ങി സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് റാലി സംഘടിപ്പിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ഏപ്രില്‍ നാലിന് മുന്‍പായി 9544900129, 9544036683 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. 

 

 

ഓട്ടിസം ദിനമാചരിച്ചു

സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 15 ഓട്ടിസം സെന്ററുകളില്‍ ഓട്ടിസം ദിനാചരണം നടത്തി. ഈ വര്‍ഷത്തെ ഓട്ടിസം ദിന സന്ദേശമായ Assistive Technologies, active participation എന്ന വിഷയത്തില്‍ പൊതുജന ബോധവല്‍ക്കരണ ക്ലാസുകള്‍, രക്ഷിതാക്കള്‍ക്കുള്ള ഓട്ടിസം മാനേജ്‌മെന്റ് ട്രെയിനിംഗ് എന്നിവയായിരുന്നു പ്രധാനപരിപാടികള്‍. 

നടക്കാവ് ജില്ലാ ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടി കോംപസിറ്റ് റീജിനല്‍ സെന്റര്‍ (സി ആര്‍ സി) ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ പ്രോഗ്രാം ഓഫീസര്‍ എ.കെ അബ്ദുള്‍ ഹക്കീം അധ്യക്ഷത വഹിച്ചു. കവിത എഴുതുന്ന ഇബ്‌നിസാം കോര്‍മ്മോത്ത് എന്ന കുട്ടിയ്ക്ക് ഡി പി ഒ മോഹന്‍ കുമാര്‍ ഉപഹാരം നല്‍കി. പ്രോഗ്രാം ഓഫീസര്‍ വി വസീഫ്, ഡയറ്റ് ലക്ചറര്‍ ഡോ. കെ എസ് വാസുദേവന്‍, ഓട്ടിസം സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് സാബിറ, നടക്കാവ് ഈസ്റ്റ് യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി കെ അരവിന്ദാക്ഷന്‍, റിസോഴ്‌സ് അധ്യാപികയായ ബീനാകുമാരി എന്നിവര്‍ സംസാരിച്ചു.

 

 

ഓട്ടിസം ദിനാചരണം

ഇംഹാന്‍സില്‍ തെരുവു നാടകം അവതരിപ്പിച്ചു

 

ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച്  ഇംഹാന്‍സില്‍ നടന്ന പരിപാടികള്‍ ഇംഹാന്‍സ് ഡയറക്ടര്‍, ഡോ. പി. കൃഷ്ണ കുമാര്‍ മാതാപിതാകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം ബലൂണ്‍ പറത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് അവരുടെ ശാരീരിക മാനസിക  പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ  പരിഹാര മാര്‍ഗ്ഗങ്ങളെ ക്കുറിച്ചും സൈക്കോളജിസ്റ്റ് ഡോ. സുജ മാത്യു, സൈക്യാട്രിക് നഴ്‌സിങ് അസ്സി.പ്രൊഫസര്‍ ഡോ.റീനാ ജോര്‍ജ് എന്നിവര്‍ ബോധവല്‍ക്കരണ  ക്ലാസെടുത്തു.  കുട്ടികള്‍ക്കായി  വിവിധ കായിക മത്സരങ്ങളും, ചിത്രരചനയും നടത്തി. തുടര്‍ന്ന് മാനാഞ്ചിറ മൈതാനത്ത് ഐ.എ.പിയുടെ സഹകരണത്തോടെ ഇംഹാന്‍സ് ഓട്ടിസം സെന്റര്‍ ജീവനക്കാരും സി.ഡി.എസ് ജീവനക്കാരും എം.ഫില്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒരുക്കുന്ന തെരുവു നാടകത്തോടെ പരിപാടികള്‍ അവസാനിപ്പിച്ചു.

 

സൗജന്യ തയ്യല്‍ പരിശീലനം

തളിപ്പറമ്പ് നാടുകാണിയിലുളള അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍ (എ.ടി.ഡി.സി) സൗജന്യ താമസ ഭക്ഷണ സൗകര്യങ്ങളോടൂകൂടി നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുളള തയ്യല്‍ പരിശീലനം ആരംഭിക്കുന്നു. 18 വയസ്സു പൂര്‍ത്തിയായ യുവതികള്‍ ഏപ്രില്‍ ഏഴിന് മുമ്പായി സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 0460 2226110, 9746394616.

 

വഴിതെറ്റി കോഴിക്കോടെത്തിയ അമ്മയേയും കുഞ്ഞിനെയും സഹോദരനൊപ്പം തിരിച്ചയച്ചു

അലഹബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് വഴി തെറ്റിയെത്തിയ അലഹബാദ് രാംപൂര്‍ സ്വദേശി മൈക്കി എന്ന ഗീതയേയും മൂന്ന് വയസുകാരി മകള്‍ വിമലയേയും സുരക്ഷിത കൈകളില്‍ ഏല്‍പ്പിച്ചു. നഗരത്തില്‍ അലഞ്ഞ് തിരിയുകയായിരുന്ന അമ്മയെയും മകളേയും മാര്‍ച്ച് ഒന്‍പതിനാണ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മാനസിക അസ്ഥിരത പ്രകടമാക്കിയതിനെ തുടര്‍ന്ന് ഗീതയെ മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സെന്റ് വിന്‍സെന്റ് കോളനിയില്‍ ശിശുക്ഷേമ സമിതിയുടെ ഹോമിലാക്കി. നിരന്തര അന്വേഷണത്തിനൊടുവില്‍ സാമൂഹിക പ്രവര്‍ത്തകനും റിട്ടയേഡ് ഉദ്യോഗസ്ഥനുമായ ശിവന്‍ ഇവരുടെ കുടുംബത്തെ കണ്ടെത്തുകയായിരുന്നു. 

അലഹബാദ് പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അലഹബാദിലെ റാംപുരില്‍  മൈക്കിയുടെ ഇളയ സഹോദരന്‍ ദിനേശ് കുമാര്‍ ഇവരെ തേടി എത്തി. യുവതിയുടെ  ഭര്‍ത്താവ് ലുധിയാനയില്‍ ജോലിചെയ്തിരുന്നു. വിമലയടക്കം മൂന്നു കുട്ടികളുള്ള യുവതി കുഞ്ഞിനെയുമെടുത്ത് യാത്ര ചെയ്യുന്നതിനിടെ കോഴിക്കോട് എത്തുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്നും മറ്റ് സഹായങ്ങളുമായി സഹോദരനോടൊപ്പം അമ്മയും കുഞ്ഞും കഴിഞ്ഞ ദിവസം സ്വദേശത്തേക്ക് മടങ്ങി. 

 

ശാസ്ത്രഗ്രന്ഥരചനാ ദ്വിദ്വിനശില്‍പ്പശാല

 

ശാസ്ത്രസാങ്കേതിക രംഗത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ചു മലയാളത്തില്‍ ആധികാരിക ഗ്രന്ഥരചന നടത്തുന്നതിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം ശാസ്ത്ര ഗ്രന്ഥരചനാ ശില്‍പ്പശാല സംഘടിപ്പിക്കും. പ്രമുഖരും പരിചയ സമ്പന്നരുമായ ശാസ്ത്രജ്ഞരുടെയും ശാസ്ത്രഗ്രന്ഥകാരന്‍മാരുടെയും നേതൃത്വത്തിലായിരിക്കും ശില്‍പ്പശാല. വിവിധ വൈജ്ഞാനിക ശാഖകളിലായി 4000-ല്‍പ്പരം മികച്ച പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച കേരള സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനമായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം സി.ഡബ്ല്യൂ.ആര്‍.ഡി.എം (ജലവിഭവ വികസന വിനിയോഗ കേന്ദ്രം) മായി സഹകരിച്ച് ഏപ്രില്‍ 29, 30 തീയതികളിലാണ് ശില്‍പ്പശാല.

 25 വയസ്സിനുമുകളില്‍ പ്രായമുള്ള തിരഞ്ഞെടുത്ത ബിരുദാനന്തര ബിരുദധാരികള്‍ക്കായിരിക്കും ശില്‍പ്പശാലയില്‍ പ്രവേശനം. മലയാള ശാസ്ത്ര ലേഖനങ്ങള്‍/പുസ്തകങ്ങള്‍ എഴുതുന്നതില്‍ മുന്‍പരിചയമുള്ളവര്‍ക്കു മുന്‍ഗണന. ശില്‍പ്പശാലയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍  പ്രകൃതിശാസ്ത്രം, ഭൗതികശാസ്ത്രം, ശാസ്ത്രസാങ്കേതികവിദ്യ എന്നീ മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള രണ്ടു പുറത്തില്‍ കവിയാത്ത പുസ്തകത്തിന്റെ രൂപരേഖ (സിനോപ്‌സിസ്)  അസിസ്റ്റന്റ് ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രം, ചെറൂട്ടിറോഡ്, കോഴിക്കോട്-1 എന്ന വിലാസത്തില്‍ അയ്ക്കണം. രൂപരേഖ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 15. ഫോണ്‍ - 0495 2366124, 7012288401.

 

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ഇന്ന്

കോഴിക്കോട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട 030 കുന്ദമംഗലം നിയമസഭാ മണ്ഡലത്തിന് കീഴിലുളള പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മാര്‍ച്ച് 30, ഏപ്രില്‍ ഒന്നിനും കോഴിക്കോട് വെളളിമാട്കുന്നിലെ ഗവ. ലോ കോളേജില്‍ നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ ഇന്ന് (ഏപ്രില്‍ 03) രാവിലെ 9.30 ന് ഗവ. ലോ കോളേജില്‍ നടത്തുന്ന പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് അസി. റിട്ടേണിംഗ് ഓഫീസര്‍ (030 കുന്ദമംഗലം നിയമസഭാ മണ്ഡലം)  അറിയിച്ചു. 

 

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം ക്ലാസ്സ് ഇന്ന്

കോഴിക്കോട് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വെളളിമാടുകുന്ന് ജെ.ഡി.റ്റി പോളിടെക്‌നിക്കില്‍  മാര്‍ച്ച് 30, ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍  നടന്ന പരിശീലന ക്ലാസ്സുകളില്‍ പങ്കെടുക്കാത്ത പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക്  ഇന്ന് (ഏപ്രില്‍ 03) രാവിലെ 9.30 ന് നടക്കുന്ന പരിശീലന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് അസി. റിട്ടേണിംഗ് ഓഫീസര്‍ (027 കോഴിക്കോട് നോര്‍ത്ത്) അറിയിച്ചു. 

 

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാകണം

കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും രണ്ടാം ലോക മഹാ യുദ്ധസേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും അനുവദിക്കുന്ന സാമ്പത്തിക സഹായം കൈപ്പറ്റുന്നവര്‍ പ്രസ്തുത സഹായം തുടര്‍ന്ന് ലഭിക്കുന്നിന അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ടത്) ഏപ്രില്‍ 25 നകം ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ സൈനികക്ഷേമ ആഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2771881. 

 

 

പുതിയ റേഷന്‍ കാര്‍ഡ് വിതരണം

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍കാര്‍ഡിനു വേണ്ടി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള പുതിയ റേഷന്‍ കാര്‍ഡ് രാവിലെ 10 നും മൂന്ന് മണിക്കുമിടയില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ടോക്കണ്‍ നം. 5000 മുതല്‍ 5500 വരെ - ഏപ്രില്‍ എട്ടിനും, നം.  5500 മുതല്‍ 6000 വരെ- ഏപ്രില്‍ ഒന്‍പതിനും വിതരണം ചെയ്യും.   അപേക്ഷകര്‍ ബന്ധപ്പെട്ട പഴയ റേഷന്‍ കാര്‍ഡ്, റേഷന്‍കാര്‍ഡിന്റെ വില, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.   ന്യൂനതകള്‍ കാരണം അപേക്ഷ നിരസിച്ചവര്‍ക്കുള്ള കാര്‍ഡ് വിതരണ തീയ്യതി പിന്നീട് അറിയിക്കും. 

 

റേഷന്‍ വിതരണം ഇന്ന് (ഏപ്രില്‍ 3)  കൂടി

2019 മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇന്ന് (ഏപ്രില്‍ 3) കൂടി ഉണ്ടായിരിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.   

date