Skip to main content

മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ നവംബര്‍ 18 വരെ; 50 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍


സംസ്ഥാനത്തെ 75.62 ലക്ഷം കുട്ടികളില്‍ അന്‍പത് ലക്ഷം പേര്‍ക്ക് മീസില്‍സ് റൂബെല്ല വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 18 വരെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തെ 100 ശതമാനം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. പത്തനംതിട്ട ജില്ലയില്‍ 93.91 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. 


വാക്‌സിന്‍ നല്‍കുന്നതില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലകളില്‍ വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്തും. വാക്‌സിനേഷനെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ ചിലര്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ പരിപാടിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. 


90 ശതമാനം വിദ്യാലയങ്ങളിലും ആദ്യഘട്ട വാക്‌സിനേഷന്‍ നടത്തിക്കഴിഞ്ഞു. വാക്‌സിനേഷന്‍ നടക്കാത്തതും എല്ലാ കുട്ടികള്‍ക്കും കുത്തിവയ്പ് എടുക്കാത്തതുമായ വിദ്യാലയങ്ങളില്‍ പി.ടി.എ യോഗം വിളിച്ച് ഡി.എം.ഒ, ഡി.ഡി.ഇ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ ബോധവത്കരണം നടത്തി. ബുധന്‍, ശനി ദിവസങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. 

പി.എന്‍.എക്‌സ്.4691/17
 

date