Skip to main content

കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന നെല്ലിന്‍റെ  തൂക്കം കുറയ്ക്കുന്നതായി പരാതി: കര്‍ശനനടപടി സ്വീകരിക്കും

 

സപ്ലൈകോ ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്ന് തൂക്കിവാങ്ങുന്ന നെല്ലിന്‍റെ തൂക്കം സംഭരണശാലയിലെത്തുമ്പോള്‍ മില്ലുകാര്‍ തൂക്കംകുറയ്ക്കുന്നതായുള്ള പരാതിയില്‍ മില്ല് ഏജന്‍റുമാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കര്‍ഷകരുടെയും നെല്ല് അവ ശേഖരിച്ചുവെച്ച സ്ഥലങ്ങളില്‍  പാഡി പ്രൊക്യുര്‍മെന്‍റ് അസിസ്റ്റന്‍റ് സന്ദര്‍ശിക്കുകയും ചാക്കിന്‍റെ എണ്ണമനുസരിച്ച്  ഓരോ 55 കിലോഗ്രാമിനും പാഡി ക്ലിപ്പും കൂടാതെ നെല്ല് ലോഡ് ചെയ്തതിനുശേഷം തൂക്കച്ചീട്ടും നല്‍കുന്നുണ്ട്. നെല്ല് സംഭരണശാലയിലെത്തുമ്പോള്‍ നെല്ലിന് സപ്ലൈകോയുടെ പേരില്‍ മില്ലുകാര്‍ നല്‍കുന്ന പാഡി റെസീപ്റ്റ് ഷീറ്റും പാഡിക്ലിപ്പും തൂക്കച്ചീട്ടും കര്‍ഷകര്‍ക്ക് ഒത്തുനോക്കാവുന്നതാണ്.  പതിരുമാറ്റി സപ്ലൈകോ നിര്‍ദേശിക്കുന്ന 17 ശതമാനം ഈര്‍പ്പം ഉറപ്പാക്കിയാണ് കര്‍ഷകര്‍ നെല്ല് വില്‍പ്പനക്കൊരുക്കുന്നത്. നെല്ലില്‍ അടങ്ങിയിട്ടുളള പതിര് മാറ്റുന്നതിനും ഈര്‍പ്പം കുറയ്ക്കുന്നതിനും സ്ഥലസൗകര്യമില്ലാത്ത കര്‍ഷകര്‍ തൂക്കത്തില്‍ കിഴിവ് വരുത്തുന്നതിനുളള  സമ്മതപത്രം എഴുതി നല്‍കാറുണ്ട്. ഇത്തരത്തിലല്ലാതെ മറ്റെന്തെങ്കിലും കാരണത്താല്‍ തൂക്കത്തില്‍ കുറവ് വരുത്തുകയോ അതുവഴി കര്‍ഷകര്‍ക്ക് ധനനഷ്ടം സംഭവിക്കുകയോ ചെയ്താല്‍ മില്ലുകാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. കര്‍ഷകരില്‍ നിന്നും തൂക്കം ഉറപ്പുവരുത്തി ഏറ്റെടുത്ത ശേഷം മില്ലിലേയ്ക്ക് ഏജന്‍റ് മുഖേന എത്തിച്ച നെല്ലിന് പാഡി റസീപ്റ്റ് ഷീറ്റ്  കിട്ടുമ്പോള്‍ തൂക്കം കുറഞ്ഞതായുള്ള പരാതികളില്‍ സപ്ലൈകോ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതായും പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ പറഞ്ഞു. 

date