Skip to main content

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി

ലോക സിനിമക്കാഴ്ചകളുടെ എട്ട് രാപ്പകലുകള്‍ക്കുശേഷം കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങുകളോടെയാണ് മേളയ്ക്ക് കൊടിയിറങ്ങിയത്. സമാപന സമ്മേളനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക രംഗത്തിന് പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ തുക സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 100 പുതിയ തീയറ്ററുകള്‍ സര്‍ക്കാരിന്റേതായി കേരളമെമ്പാടും ഉടന്‍ ഉയരുമ്പോള്‍ സമാന്തര സിനിമാ പ്രദര്‍ശനത്തിന് കൂടുതല്‍ അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍കാലത്ത് സിനിമാ നിര്‍മാണം കൂടുതല്‍ ജനാധിപത്യപരമാകുകയാണ്. സംസ്ഥാനത്ത് ഭയമില്ലാതെ വിയോജിപ്പിനും സംവാദത്തിനുമുള്ള അവസരം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊകുറോവിന് മന്ത്രി എ.കെ. ബാലന്‍ സമ്മാനിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍ എന്നിവര്‍ പങ്കെടുത്തു. സമാപന ചടങ്ങിന് ശേഷം സുവര്‍ണ്ണചകോരത്തിന് അര്‍ഹമായ 'വാജിബ്' പ്രദര്‍ശിപ്പിച്ചു.

പി.എന്‍.എക്‌സ്. 5356/17

date