Skip to main content

തൊഴിലുറപ്പ് പദ്ധതി: പതിനഞ്ച് ലക്ഷം വൃക്ഷ തൈകള്‍ ഉത്പാദിപ്പിക്കും

 

                മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍  ജില്ലയില്‍ പതിനഞ്ച് ലക്ഷം വൃക്ഷ തൈകള്‍ ഉത്പാദിപ്പിക്കും.     സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ലഭ്യമായ സ്വകാര്യ സ്ഥലങ്ങളിലും ആവശ്യമായ നഴ്‌സറികള്‍ സ്ഥാപിച്ചാണ് ഇതിനു വേണ്ട തൈകള്‍ ഉല്‍പാദിപ്പിക്കുക. അന്യംനിന്നു പോകുന്ന നാട്ടുമാവിനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. തയ്യാറാക്കിയ തൈകള്‍  ജൂണ്‍ മാസം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും  ദുര്‍ബല വിഭാഗങ്ങളുടെ സ്വകാര്യഭൂമിയിലും നടും. 

                ഓരോ ഗ്രാമപഞ്ചായത്തിലും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വികേന്ദ്രീകൃതമായിട്ടാണ് നഴ്‌സറികള്‍ സ്ഥാപിക്കുക. കൂടാതെ കൃഷി ഫാമുകളും നഴ്‌സറികളായി ഉപയോഗിക്കും. നഴ്‌സറികള്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതല ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കാണ്. പദ്ധതി നടത്തിപ്പിനാവശ്യമായ തുക തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടില്‍ നിന്നും ലഭ്യമാക്കും. നഴ്‌സറികളുടെ പരിപാലന ചുമതല ഗ്രാമപഞ്ചായത്ത് തലത്തില്‍ കൃഷി ഓഫീസര്‍മാര്‍ക്കും ബ്ലോക്ക്തലത്തില്‍ കൃഷി അസിസ്റ്റന്റ്മാര്‍ക്കുമാണ്.  പ്രാദേശികമായി ലഭിക്കുന്ന വിത്തിനങ്ങള്‍ ശേഖരിക്കുന്നതിനുള്ള രീതി സംബന്ധിച്ച നിര്‍ദ്ദേശം നഴ്‌സറി സ്ഥാപിക്കുന്ന ഗ്രൂപ്പുകള്‍ക്ക് കൃഷി ഓഫീസര്‍മാര്‍ നല്‍കും.  നഴ്‌സറികള്‍ സ്ഥാപിക്കുന്നതിന്  ഓരോ ഗ്രാമപഞ്ചായത്തില്‍ നിന്നും മൂന്നു മുതല്‍ നാല് വരെ തൊഴിലാളികളെ തെരഞ്ഞെടുത്ത് സാങ്കേതിക പരിശീലനവും നല്‍കും.

                 പാതയോരത്തും, പൊതു സ്ഥലങ്ങളിലും നടുന്ന മരത്തിന്റെ അഞ്ചു വര്‍ഷം വരെയുള്ള സംരക്ഷണ ചുമതല തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരു കുടുംബത്തിന് ഇരുപത്തിയഞ്ച് തൈകള്‍ എന്ന നിലയിലാണ് സംരക്ഷണ ചുമതല നല്‍കുക.പദ്ധതി നടത്തിപ്പിനായി ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാതല സാങ്കേതിക സഹായ സമിതി രൂപീകരിച്ചു. കൃഷി വകുപ്പ്, വനംവകുപ്പ്, കാര്‍ഷിക വിദഗ്ദര്‍ എന്നിവരടങ്ങിയതാണ് സമിതി. കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു.  

date