Skip to main content

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വിവരങ്ങള്‍ 'സമ്പൂര്‍ണ' യില്‍ നല്‍കണം

മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടലില്‍ നവംബര്‍ 18 ന് മുമ്പ് നല്‍കണമെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഇത്തവണ മറ്റു സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കില്ല. ഈ വര്‍ഷത്തെ 38 ലക്ഷത്തോളം കുട്ടികളുടെ ആറാം പ്രവൃത്തിദിന കണക്കെടുപ്പ് പൂര്‍ണമായും 'സമ്പൂര്‍ണ' പോര്‍ട്ടല്‍ വഴി ആയിരുന്നു.


'സമ്പൂര്‍ണ' പോര്‍ട്ടലിലൂടെ അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കാവശ്യമുള്ള ലിസ്റ്റുകള്‍, പ്രൊമോഷന്‍ ലിസ്റ്റ്, കലാ-കായിക-ശാസ്ത്ര മേളകള്‍ക്കുള്ള പ്രവേശന ഫോറങ്ങള്‍, കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ തയ്യാറാക്കാന്‍ സാധിക്കും. സ്‌കൂളുകളില്‍ നിന്നുള്ള വിവരശേഖരണം സമ്പൂര്‍ണവഴി മാത്രം നടത്തുന്നത് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് മെയ് മാസത്തില്‍ പുറത്തിറക്കിയിരുന്നു. 


സര്‍ക്കാര്‍ ഉത്തരവനുസരിച്ച് 'സമ്പൂര്‍ണ' യില്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., നവോദയ, കേന്ദ്രീയവിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ  പട്ടിക നവംബര്‍ 10 നകം സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധ്യാപകരുടേയും മറ്റ് ജീവനക്കാരുടേയും വിശദാംശങ്ങള്‍ സ്പാര്‍ക് ഡാറ്റാബേസുമായി ബന്ധിപ്പിച്ച് 'സമ്പൂര്‍ണ' യില്‍ ഉള്‍പ്പെടുത്തും. ഹയര്‍ സെക്കണ്ടറി-വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഈ വര്‍ഷം തന്നെ 'സമ്പൂര്‍ണ' യില്‍ ഉള്‍പ്പെടുത്തും.

പി.എന്‍.എക്‌സ്.4693/17
 

date