Skip to main content

കുട്ടി സിനിമാവണ്ടി ജില്ലയില്‍ പര്യടനം നടത്തി.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള  സന്ദേശങ്ങള്‍   ഉള്‍കൊള്ളുന്ന ഹ്ര്വസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ 'കുട്ടി സിനിമാവണ്ടി' ജില്ലയിലെ രണ്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി.
കുട്ടികളുടെ അവകാശത്തെ സംബന്ധിക്കുന്നതും അവരുടെ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനായി  കൈകൊള്ളേണ്ട നടപടികളെ കുറിച്ചുള്ള ഹ്ര്വസ  ചിത്രങ്ങളാണ് സിനിമാവണ്ടിയില്‍ പ്രദര്‍ശിപ്പിച്ചത്. വനിതാ ശിശു വികസന വകുപ്പ് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ സിനിമാ പ്രദര്‍ശനം സംഘടിപ്പിച്ചത്.
പതിനെട്ട് വയസ്സ് പൂര്‍ത്തിയാവുന്നതിന് മുന്‍പുള്ള കുട്ടി കല്യാണത്തെ കുറിച്ച് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റ് നിര്‍മ്മിച്ച 'പതിനെട്ട് 'എന്ന ഹ്ര്വസ ചിത്രവും ആണ്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെ കുറിച്ച് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റ് നിര്‍മ്മിച്ച 'സ്പര്‍ശം' എന്ന ഹ്ര്വസ ചിത്രവും കേരളാ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍മ്മിച്ച  കുട്ടികള്‍ ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെ കുറിച്ചുള്ള ഹ്ര്വസ ചിത്രവും കുട്ടി സിനിമാവണ്ടിയില്‍ പ്രദര്‍ശിപ്പിച്ചു. ആദ്യ ദിവസം  നിലമ്പുര്‍ മലയോര മേഖലയിലെ ആലപൊഴില്‍, മരുത, എടക്കര, മൂച്ചിപരത, കാരാപ്പുറം, മണലോടി തുടങ്ങിയ സ്ഥലങ്ങളിലും രണ്ടാം ദിവസം ജില്ലയുടെ തീരദേശ മേഖലയായ പരപ്പങ്ങാടി  താനൂര്‍ മേഖലയിലെ വിവിധ കേന്ദ്രങ്ങളിലും കുട്ടി സിനിമാവണ്ടി പ്രദര്‍ശനം നടത്തി..
സംയോജിത ശിശു വികസന പദ്ധതിയുടെയും ഒപ്പം കുട്ടികള്‍ക്കൊപ്പം ബാല സംരക്ഷണ വളണ്ടിയര്‍ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് സിനിമാ പ്രദര്‍ശനം ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയത്.

 

date