Skip to main content

പട്ടയവിതരണ മേള 18 ന്, മാന്നുള്ളിപ്പാടത്തെ 32 കുടുംബങ്ങളുടെ കാത്തിരിപ്പിന് വിരാമം

കാക്കനാട്: മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന പട്ടയവിതരണ മേള എറണാകുളം ടൗണ്‍ ഹാളില്‍ ഡിസംബര്‍ 18 ന് ഉച്ചകഴിഞ്ഞ് മൂന്നിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 

ആകെ 471 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 141 എല്‍എ പട്ടയങ്ങളും 146 എല്‍ടി പട്ടയങ്ങളും 108 ദേവസ്വം പട്ടയങ്ങളും 10 ഇനാം പട്ടയങ്ങളും 66 കൈവശ രേഖയും അടക്കമാണിത്. കുന്നത്തുനാട് 20 എല്‍എ പട്ടയങ്ങളും 56 കൈവശ രേഖകളും നല്‍കും. കോതമംഗലം - 40, കൊച്ചി -25, കണയന്നൂര്‍ -35, പറവൂര്‍ - 4, ആലുവ - 3, മുവാറ്റുപുഴ - 14 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. കണയന്നൂര്‍ താലൂക്കില്‍ ഒന്‍പത് കൈവശ രേഖകള്‍ വിതരണം ചെയ്യും. പറവൂരില്‍ ഒരു കൈവശ രേഖയും നല്‍കും. കണയന്നൂര്‍ താലൂക്കില്‍ വിതരണം ചെയ്യുന്ന 35 പട്ടയങ്ങളില്‍ 32 പട്ടയങ്ങള്‍ മാന്നുള്ളിപ്പാടം കോളനി നിവാസികള്‍ക്കാണ് വിതരണം ചെയ്യുന്നത്. 

പട്ടയവിതരണവുമായി ബന്ധപ്പെട്ട അവലോകന യോഗം ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്നു. 

കൊച്ചി മേയര്‍ സൗമിനി ജെയിന്‍, എംപിമാരായ കെ.വി. തോമസ്, ഇന്നസെന്റ്, ജോയ്‌സ് ജോര്‍ജ്, ജോസ് കെ മാണി, എംഎല്‍എമാരായ എസ്. ശര്‍മ്മ, വി.ഡി. സതീശന്‍, പി.ടി. തോമസ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എം. സ്വരാജ്, കെ.ജെ. മാക്‌സി, എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, ആര്‍ഡിഒ എസ്. ഷാജഹാന്‍, അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

date