Skip to main content

 ആശ്വാസവും പ്രതീക്ഷയുമേകി കളക്ടറുടെ പരാതിപരിഹാരവേദി 

     ജീവിത സായാഹ്നത്തില്‍ ആകെയുണ്ടായിരുന്ന വീടും മൂന്ന് സെന്റ് സ്ഥലവും കൈക്കലാക്കി മകള്‍ തിരിഞ്ഞു നോക്കാതെ പോയപ്പോള്‍ ഭക്ഷണത്തിനുപോലും വകയില്ലാതെ ആരോഗ്യപ്രശ്‌നങ്ങളാല്‍ വലയുന്ന അമ്മയടക്കം മുന്നൂറോളം പരാതിക്കാരാണ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ നടന്ന ജില്ല കളക്ടറുടെ പരാതി പരിഹാരവേദിയിലെത്തിയത്. ജനങ്ങളുടെ പരാതികള്‍ ശ്രദ്ധാപൂര്‍വം കേട്ട ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും നേരിട്ട് വിശദീകരണം തേടുകയും അടിയന്തര നടപടികള്‍ക്കുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 
    വേദിയില്‍ പരിഹരിക്കാനാവാത്ത പരാതികളായിരുന്നു കളക്ടര്‍ക്കു മുന്നിലെത്തിയവയിലേറെയും.  മകള്‍ ഉപേക്ഷിച്ച സഹായവസന്തയുടെ പരാതി  മെയിന്റനന്‍സ് ട്രിബ്യൂണല്‍ ആക്ട് പ്രകാരം അടിയന്തരമായി പരിഗണിച്ച് പരിഹാരം കാണുമെന്ന് അവരെ അറിയിച്ചതു പോലെ പരാതിക്കാര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാകുന്ന നടപടികളിലൂടെ അദാലത്ത് വേറിട്ടതായി. 
    കാട്ടക്കട ക്രിസ്ത്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്ത് ഡോ. എ സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു.  ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ജീവനക്കാര്‍ എപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കണമെന്നും അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. 
     വിവിധ വകുപ്പുകള്‍ക്കായി പ്രതേ്യകം സജ്ജീകരിച്ച 31 കൗണ്ടറുകളിലൂടെ 300 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്.  ഇതില്‍ 100 അപേക്ഷകള്‍ വേദിയില്‍ തീര്‍പ്പാക്കി.   ശേഷിക്കുന്ന പരാതികളിന്മേല്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.  
     ഓണ്‍ലൈനായി തങ്ങള്‍ക്ക് ലഭിച്ച പരാതികളില്‍  പരിഹാരസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണമെന്നും അതനുസരിച്ച് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.  എല്ലാ ജില്ലാ വികസനസമിതികളിലും ഈ അപേക്ഷകളുടെ പുരോഗതി വിലിയിരുത്തും.  ഡി.ഡി.സി കളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അവര്‍ നിര്‍ദ്ദേശം നല്‍കി.  വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
     മുഖ്യമന്ത്രിയുടെ പ്രതേ്യക നിദേശപ്രകാരം കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരാതിപരിഹാര അദാലത്തുകള്‍ ഏകീകരിച്ച ശേഷം ജില്ലയില്‍ നടത്തുന്ന രണ്ടാമത്തെ അദാലത്തായിരുന്നു കാട്ടാക്കടയിലേത്.  കാട്ടാക്കട താലൂക്കിലെ 13 വില്ലേജുകള്‍ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.  
     കെ.എസ് ശബരീനാഥന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ എം.എല്‍.എ മാരായ സി.കെ ഹരീന്ദ്രന്‍, അഡ്വ. ഐ.ബി സതീഷ്,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി. എസ്.എസ്,  പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാമചന്ദ്രന്‍, എസ്. അജിത, ഡെപ്യൂട്ടി കളക്ടര്‍മാരായ വി.ആര്‍. വിനോദ്, രഘുപതി, എസ്.ജെ. വിജയ,  ഹുസൂര്‍ ശിരസ്തദാര്‍ ജി. പ്രദീപ് കുമാര്‍, കാട്ടാക്കട തഹസീല്‍ദാര്‍ ഷീജാ ബീഗം, തുടങ്ങിയവര്‍ സംബന്ധിച്ചു.  
 

date