Skip to main content
ബസ്സ് കൺസെഷൻ സംബന്ധിച്ച് എ ഡി എം ഇ  മുഹമ്മദ് യൂസഫിൻറ്റെ  നേതൃത്വത്തിൽ നടന്ന യോഗം

വിദ്യാര്‍ഥി യാത്രാ സൗജന്യം:  പാസുകളില്‍ കോഴ്‌സ് കാലാവധി രേഖപ്പെടുത്തും

 

ബസുകളില്‍ യാത്രാ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ യാത്രാ പാസില്‍ ബന്ധപ്പെട്ട  കോഴ്‌സുകളുടെ കാലാവധി രേഖപ്പെടുത്താന്‍ നടപടിയെടുക്കും. സ്റ്റുഡന്റ്‌സ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കലക്ടറേറ്റില്‍ എഡിഎം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 

നിലവിലെ മാനദണ്ഡപ്രകാരം ചില കോഴ്‌സുകള്‍ അനുവദിക്കുന്ന പാസിന്റെ കാലാവധിക്ക് ശേഷവും തുടരുന്നവയാണ്. ഇത് മറികടക്കാന്‍ പാസിന്റെ കാലാവധി നീട്ടി നല്‍കാറുണ്ട്. ഇതിന്റെ മറപറ്റി വിദ്യാഭ്യാസ കാലാവധി കഴിഞ്ഞിട്ടും യാത്രാ ആനുകൂല്യം പലരും  ദുരുപയോഗം ചെയ്യുന്നു എന്ന ബസ് ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയുടെ തീരുമാനം. പാരലല്‍ കോളേജുകള്‍, പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്ന ഏകീകരിച്ച യാത്രാ പാസുകളുടെ വിതരണം  തുടരാനും പാസില്‍ കയറിക്കൂടിയ അപാകതകള്‍ പരിഹരിക്കാനും യോഗത്തില്‍ തീരുമാനമായി. പാസ് അനുവദിക്കാവുന്ന റഗുലര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോഴ്‌സുകളുടെയും ലിസ്റ്റ് തയ്യാറാക്കും. ഇതില്‍ ആക്ഷേപമുള്ളവര്‍ക്ക് പരാതി നല്‍കാനും അവസരമുണ്ടാകും. 

യോഗത്തില്‍ ജോയിന്റ് ആര്‍ ടി ഒ ബി സാജു, വിവിധ കോളേജ് അധികൃതര്‍, വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍, ബസ് ഉടമ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date