Skip to main content
Supply Co

വിലക്കയറ്റം തടയാന്‍ ശക്തമായ നടപടികള്‍: മന്ത്രി തിലോത്തമന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനു ശക്തമായ നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു ഭക്ഷ്യ-സിവില്‍സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടത്തുന്ന ഈ വര്‍ഷത്തെ ക്രിസ്മസ് ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരി ഉള്‍പ്പെടെ ഗുണമേന്മയുള്ള അവശ്യവസ്തുക്കള്‍ ഉപഭോക്താക്കള്‍ക്കു ന്യായവിലയ്ക്കു ലഭ്യമാക്കുന്നതിനു പൊതുവിതരണ ശൃംഖലയെ പ്രാപ്തമാക്കുന്നതിനാണ് സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കുന്നത്. സപ്ലൈകോയ്ക്കുള്ള സര്‍ക്കാര്‍ വിഹിതം കഴിഞ്ഞ വര്‍ഷം 150 കോടി ആയിരുന്നത് ഈ വര്‍ഷം 200 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
അരിവില നിയന്ത്രിക്കുന്നതിന് ഇക്കഴിഞ്ഞ ഓണക്കാലത്ത് ചെയ്തതു പോലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നു നേരിട്ട് അരി വാങ്ങുന്നതിനുള്ള നടപടികളുമായി സപ്ലൈകോ മുന്നോട്ടു പോവുകയാണ്. ഇക്കാര്യത്തില്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ മറികടക്കുക തന്നെ ചെയ്യും. കേരളത്തില്‍ ഏറെ ആവശ്യക്കാരുള്ള ജയ അരിതന്നെയായിരിക്കും വിതരണത്തിനായി എത്തിക്കുക. ചരക്കു-സേവന നികുതിയുടെ പേരില്‍ അവശ്യസാധനങ്ങള്‍ക്ക് അനാവശ്യമായ വിലക്കയറ്റം സൃഷ്ടിക്കുന്ന പ്രവണത അനുവദിക്കാനാവില്ല. സപ്ലൈകോ വിതരണ കേന്ദ്രങ്ങള്‍ വഴി വില്പന നടത്തുന്ന സബ്‌സിഡിയില്ലാത്ത 70ല്‍ അധികം ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടിയുടെ പേരില്‍ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 
ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രഫ. കെ.വി. തോമസ് എംപി ആദ്യവില്‍പന നിര്‍വഹിച്ചു. മേയര്‍ സൗമിനി ജെയിന്‍ മുഖ്യപ്രഭാഷണം നടത്തി. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, സി.ജി. രാജമോഹന്‍ എന്നിവര്‍ പങ്കെടുത്തു. സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ സ്വാഗതവും റീജണല്‍ മാനേജര്‍ ബെന്നി ജോസഫ് നന്ദിയും പറഞ്ഞു. 
ഇക്കഴിഞ്ഞ ഓണക്കാലത്ത് സപ്ലൈകോ നടത്തിയ ഓണം സമ്മാനമഴ പദ്ധതി നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. 
ക്രിസ്മസ് ഉത്സവക്കാല വിപണി ഇടപെടലിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് സപ്ലൈകോ പ്രത്യേക ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ 24ന് രാത്രിവരെ ഈ ചന്തകള്‍ പ്രവര്‍ത്തിക്കും. ഇതുകൂടാതെ സപ്ലൈകോയുടെ 412 സൂപ്പര്‍ മാര്‍ക്കറ്റുകളും 27 പീപ്പിള്‍സ് ബസാറുകളും അഞ്ച് ഹൈപ്പര്‍ മാര്‍ക്കറ്റുകളും ക്രിസ്മസ് വിപണി ലക്ഷ്യമാക്കി 24 വരെ പ്രവര്‍ത്തിക്കും. ക്രിസ്മസ് കേക്കുകള്‍, നക്ഷത്രങ്ങള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയെല്ലാം സപ്ലൈകോ ക്രിസ്മസ് ഫെയറുകളിലും മാര്‍ക്കറ്റുകളും വില്പനയ്ക്കു തയാറായിട്ടുണ്ട്. 
സപ്ലൈകോ ക്രിസ്മസ് ഫെയറുകളിലേയും വില്പന കേന്ദ്രങ്ങളിലേയും അവശ്യ വസ്തുക്കളുടെ വിലനിലവാരം. ബ്രാക്കറ്റുകറ്റില്‍ പൊതുവിപണിയിലെ വില.

ചെറുപയര്‍ - 56 (83.93), ഉഴുന്നു ബാള്‍ - 58 (86.71), വന്‍ കടല - 43 (93.86), വന്‍ പയര്‍ - 45 (73.17), തുവര പരിപ്പ് - 60 (84.13), മുളക് - 65 (99.71), മല്ലി - 69 (87.50), പഞ്ചസാര - 22 (41.07), വെളിച്ചെണ്ണ - 90 (220.86), ജയ അരി - 25 (40), കുറുവ അരി - 25 (39), മട്ട അരി - 24 (41.79), പച്ചരി - 23 (34.00), ആന്ധ്ര ഇതര ജയ അരി - 25 (36.75).

date