Skip to main content

കാത്തിരിപ്പിനൊടുവില്‍ മാര്‍ക്കറ്റ് റോഡ് നവീകരണം പൂര്‍ത്തിയായി

 

മൂവാറ്റുപുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ എവറസ്റ്റ് ജംഗ്ഷന്‍ കാവുംങ്കര മാര്‍ക്കറ്റ് ബസ് സ്റ്റാന്റ് റോഡ് നവീകരണം യാഥാര്‍ത്ഥ്യമായി. പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം യാഥാര്‍ത്ഥ്യമാക്കിയത്. ഇതിന്റെ ഭാഗമായി കോതമംഗലം, മൂവാറ്റുപുഴ റോഡിലെ എവറസ്റ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കാവുംങ്കര മാര്‍ക്കറ്റ് ബസ് സ്റ്റാന്റ് വരെയുള്ള റോഡും, ചന്തക്കടവ് റോഡും, സെന്‍ട്രല്‍ ജുമാമസ്ജിദ് റോഡും ബിഎം ബിസി നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കി. ഇതോടൊപ്പം റോഡിലെ വെള്ളകെട്ടുള്ള ഭാഗങ്ങളിലെ ഓടകള്‍ ആഴം കൂട്ടി നവീകരിച്ചു. മൂവാറ്റുപുഴയിലെ അതിപുരാതന റോഡുകളിലൊന്നാണിത്. നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു പുറമേ നിരവധി കുടുംബങ്ങളും ഇവിടെ തിങ്ങി താമസിക്കുന്നുണ്ട്. 

റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ റോഡിന്റെ സമീപ റോഡുകളെല്ലാം ഉന്നത നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഈ റോഡിന്റെ നവീകരണം അനന്തമായി നീളുകയായിരുന്നു. റോഡ് ശോച്യാവസ്ഥയിലാകുമ്പോള്‍ വ്യാപാരികളില്‍ നിന്നും പ്രതിഷേധം ഉയരുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയുമാണ് പതിവ്. കാല്‍നട യാത്ര പോലും ദുസഹമായ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. മൂവാറ്റുപുഴ, കോതമംഗലം റോഡിന്റെ സമാന്തര റോഡെന്ന നിലയിലും റോഡിന് പ്രാധാന്യമുണ്ട്. 

കോതമംഗലം ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളും ബസുകളും ഈ റോഡിലൂടെയാണ് മൂവാറ്റുപുഴ ടൗണിലേക്ക് എത്തുന്നത്. ഇത് കൂടാതെ തൊടുപുഴ, പിറവം ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകള്‍ കാവുംങ്കര ബസ് സ്റ്റാന്റില്‍ നിന്നും ഇതിലൂടെയാണ് മൂവാറ്റുപുഴ ടൗണിലേക്ക് പ്രവേശിക്കുന്നത്. ഈ റോഡിന്റെ ഭാഗമായ റോട്ടറി റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് നഗരസഭ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട്. റോഡ് നവീകരണം പൂര്‍ത്തിയായതോടെ മധ്യ കേരളത്തിലെ പുരാതന മാര്‍ക്കറ്റുകളിലൊന്നായ കാവുങ്കരയുടെ വികസനത്തില്‍ വഴിതിരിവാകുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഒപ്പം കാവുംങ്കര മാര്‍ക്കറ്റ് ബസ്റ്റാന്റിന്റെയും ഇവിടുത്തെ വ്യാപാര മേഖലയുടെ പ്രവര്‍ത്തനങ്ങളും ഇതോടെ സജീവമാകുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍.എ.പറഞ്ഞു.

date