Skip to main content

നടക്കാവ് മേല്‍പാല നിര്‍മ്മാണം : ജനുവരി ആദ്യ വാരത്തോടം പര്‍ച്ചേസ് കമ്മിറ്റി ചേരും 

 

മലമ്പുഴ മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ യുമായ വി.എസ് അച്ചുതാനന്ദന്‍റെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. നടക്കാവ് റെയില്‍വേ മേല്‍പാല നിര്‍മാണത്തിനായി ഏറ്റെടുക്കാനുളള  1.07 ഏക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ട് സര്‍വ്വെ പൂര്‍ത്തിയായതായും  സര്‍വെ സൂപ്രണ്ടിന്‍റെ അംഗീകാരം ലഭിച്ചതായും  ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഏറ്റെടുക്കുന്ന സ്ഥലത്ത് നിലവിലുളള കെട്ടിടങ്ങളുടെ വില നിര്‍ണയം സംബന്ധിച്ച് പി.ഡബ്ല്യൂ.ഡി കെട്ടിട നിര്‍മാണ അധികൃതരുടെ ഭാഗത്തു നിന്നുളള റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ജനുവരി ആദ്യ വാരത്തോടെ  ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി കൂടി സ്ഥലമുടമകളുമായി ചര്‍ച്ച നടത്തി സ്ഥലത്തിന്‍റെ വില നിര്‍ണയം നടത്തും. അകത്തേത്തറ, പാലക്കാട് -2 വില്ലേജുകളിലെ 30 ഓളം പേരില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കുക. പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം അധികൃതര്‍ ഒരാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് യോഗത്തില്‍ അറിയിച്ചത്. മലമ്പുഴ ഉദ്യാനത്തിനു ചുറ്റുമുളള റോഡിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് ജലസസേചന വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ്  ഡി.ടി.പി സി  സെക്രട്ടറിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി നവീകരണ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജലസേചന വിഭാഗം അറിയിച്ചു. മലമ്പുഴ ബസ്റ്റാന്‍റ് നവീകരണം ബന്ധപ്പെട്ട പഞ്ചായത്ത് എറ്റെടുത്ത് നടത്തണമെന്ന നിര്‍ദ്ദേശം യോഗത്തിലുണ്ടായി. ഇതു സംബന്ധിച്ച പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം രേഖാ മൂലം ലഭ്യമായതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഡാമിനു അഭിമുഖമായിട്ടുളള റോഡ് നിര്‍മ്മാണം വാട്ടര്‍ അതോറിറ്റി, പഞ്ചായത്ത,് ജലസേചനം, പി.ഡബ്ല്യു. ഡി റോഡ്സ് ഉദ്യോഗസ്ഥരുടെ സംയൂക്ത പരിശോധയ്ക്കുശേഷം അതത് വിഭാഗം ഏറ്റെടുക്കേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്  തയ്യാറാക്കും. മലമ്പുഴ മണ്ഡലത്തിലെ 75 കോടിയുടെ കുടിവെളള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജലസംഭരിണികള്‍ സ്ഥാപിക്കാനുളള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനി പഞ്ചായത്ത് അധികൃതരില്‍ നിന്ന് സമഗ്ര റിപ്പോര്‍ട്ട് സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. മലമ്പുഴ റിങ് റോഡ്, പാലം നിര്‍മ്മാണം പി.ഡബ്ല്യൂ.ഡി ഡിസൈനിങ്ങ് എഞ്ചിനീയറുടെ അംഗീകാരത്തിനു ശേഷം   ഉടന്‍ ആരംഭിക്കുമെന്ന് പി.ഡബ്ല്യൂ.ഡി അധികൃതര്‍ അറിയിച്ചു.
   മലമ്പുഴ ഉദ്യാനത്തിന്‍റെ ശൂചീകരണവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും പ്രവര്‍ത്തനങ്ങളുടെ  മേല്‍ നോട്ടവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജനുവരി അഞ്ചിന് വി.എസ് അച്ചുതാനന്ദന്‍റെ നേതൃത്വത്തില്‍ വീണ്ടും അവലോകന യോഗം ചേരും. പാലക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. എസ് വിജയന്‍,  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 
 
 

date