ലഹരി ഉപയോഗം രാജ്യ സുരക്ഷയെപ്പോലും അപകടത്തിലാക്കുന്നു: മന്ത്രി
വ്യക്തികളെയും കുടുംബങ്ങളെയും മാത്രമല്ല രാജ്യ സുരക്ഷയെപ്പോലും ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ് ലഹരി ഉപയോഗമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികളും ഭീകരവാദികളും പലപ്പോഴും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മറയാക്കുന്നത് നിരോധിത മയക്കുമരുന്ന് ഉല്‍പ്പന്നങ്ങളാണ്. ഇവര്‍ ഓരോ രാജ്യത്തേക്കും നുഴഞ്ഞുകയറി അക്രമം നടത്തുന്നത് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരിലൂടെയാണെന്നും മന്ത്രി പറഞ്ഞു.
പകര്‍ച്ചവ്യാധികള്‍ പോലെ ലഹരി ഉപയോഗം സമൂഹത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുകയിലയിലൂടെയും പുകവലിയിലൂടെയും അന്തരീക്ഷം മലിനപ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാലയങ്ങലുടെ സമീപത്ത് മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പ്രചരിക്കുന്നുണ്ട്. നിയമ നിര്‍മ്മാണം കൊണ്ട് മാത്രം ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ കഴിയില്ല. ഇതിന് ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ ആവശ്യമാണ്. ലഹരി ഉപയോഗിക്കുന്നവരെയും വില്ക്കുന്നവരെയും സമൂഹം ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുകവലിയില്‍ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും പുകയില്ലാത്ത പുകയില വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്ന് ഗ്ലോബല്‍ അഡള്‍ട്ട് ടോബാക്കോ, എക്സൈസ് വകുപ്പ് എന്നിവരുടെ സര്‍വ്വെകള്‍ വ്യക്തമാക്കുന്നതായി ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ ടി രേഖ അറിയിച്ചു. കൂടാതെ തൊഴിലിടങ്ങളിലും ഇത്തരത്തിലുള്ള പുകയില ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിന് അടിപ്പെട്ട് വിമുക്തി ക്ലിനിക്കുകളില്‍ എത്തുന്ന ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്ധയുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ രേഖപ്പെടുത്തുന്നു. പുകയില വ്യവസായവുമായി ബന്ധപ്പെട്ട് എന്തെങ്കിലും യോഗങ്ങള്‍ നടത്തുന്നതിന് ഏഴ്് ദിവസം മുമ്പ് കലക്ടര്‍ ചെയര്‍മാനായ ജില്ലാതല എംപവര്‍ കമ്മിറ്റിയുടെ അനുവാദം ലഭിക്കണം. ഇത് സംബന്ധിച്ച് ബോര്‍ഡുകള്‍ സന്ദര്‍ശകര്‍ക്കായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസിലേക്കായി തയ്യാറാക്കിയ ബോര്‍ഡിന്റെ പ്രകാശനം ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, കണ്ണൂര്‍ കോര്പ്പറേഷന് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഇന്ദിര പ്രേമാനന്ദ്, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ഡെപ്യൂട്ടി ഡി എം ഒ (ആരോഗ്യം) ഡോ. ഇ മോഹനന്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments