Skip to main content

സാക്ഷരതാ തുടര്‍വിദ്യാഭ്യാസ കലോത്സവം: സ്മൃതിയാത്രകള്‍ 22ന്

എട്ടാമത്  സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവം ഡിസംബര്‍ 27 മുതല്‍ കോഴിക്കോട് നടക്കുന്നതിന്റെ ഭാഗമായി 22ന് ജില്ലയില്‍ സ്മൃതിയാത്രകള്‍ നടത്തും. കോഴിക്കോടിന്റെ പ്രിയപ്പെട്ട സാഹിത്യ,കലാരംഗങ്ങളിലെ പ്രമുഖരായ എസ്.കെ. പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, കെ.ടി. മുഹമ്മദ്, എം.എസ്.ബാബുരാജ്, തിക്കോടിയന്‍ എന്നിവരുടെ സ്മൃതികുടീരങ്ങളില്‍ നിന്നും സ്മൃതിയാത്രകള്‍ നടക്കും.  കൂടാതെ സാഹിത്യ സാക്ഷരതാ കലാ രംഗത്തെ പ്രമുഖരായ പുനത്തില്‍ കുഞ്ഞബ്ദുള്ള, എന്‍.എന്‍. കക്കാട്, ഗിരീഷ് പുത്തഞ്ചേരി, അക്ബര്‍ കക്കട്ടില്‍, കോഴിക്കോട് ശാന്താദേവി, പി.എം.താജ്, ആണ്ടിപ്പണിക്കര്‍, പി.എന്‍. പണിക്കര്‍, പി.കെ.ജി. വാരിയര്‍, കായലാട്ട് രവീന്ദ്രന്‍, ഇരിങ്ങല്‍ നാരായണി, വെള്ളൂര്‍ പി. രാഘവന്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ വഹിച്ചുകൊണ്ട് 12  ബ്‌ളോക്കുകളില്‍ നിന്നും സ്മൃതിയാത്രകള്‍ നടത്തും. രാവിലെ 10 മണിയ്ക്കാണ് യാത്രകള്‍ ആരംഭിക്കുക. 
സ്മൃതിയാത്രകള്‍ ഗവ മോഡല്‍ എച്ച്.എസ്. സ്‌കൂളില്‍ സജ്ജമാക്കുന്ന എസ്.കെ. പൊറ്റക്കാട് നഗരിയില്‍ സമാപിക്കും. സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്  സാക്ഷ്യം വഹിച്ച മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാര്‍, മുല്‍ക്ക് രാജ് ആനന്ദ്, സാക്ഷരതാ പ്രഖ്യാപനം നടത്തിയ ചേലക്കോടന്‍ ആയിഷ തുടങ്ങിയവര്‍ക്ക് വേദിയില്‍ സ്മരണാജ്ഞലികള്‍ അര്‍പ്പിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഛായാചിത്രങ്ങള്‍ വേദിയില്‍ സ്ഥാപിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എസ്. ശ്രീകല ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. 
ഡിസംബര്‍ 28 വരെ നടക്കുന്ന കലോത്സവത്തില്‍ 73 ഇനങ്ങളിലായി 1500 പ്രതിഭകള്‍ മാറ്റുരയ്ക്കും. അഞ്ച് വേദികളിലായി മത്സരങ്ങള്‍ നടക്കും.
 

date