Skip to main content

സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്: 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 

 

കുടുംബശ്രീയുടെ ഭാഗമായി ആരംഭിച്ച സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ ഇതുവരെ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഗാര്‍ഹിക പീഡനം- 11, ദാമ്പത്യ  പ്രശ്‌നം-5, സാമ്പത്തിക പ്രശ്‌നം-3, മാനസിക പീഡനം -2, പഠന പ്രശ്‌നങ്ങള്‍ -2, പുനരധിവാസ പ്രശ്‌നങ്ങള്‍ -2, സൈബര്‍ കേസുകള്‍-1 എന്നിങ്ങനെയാണ് ഒരു മാസത്തെ പ്രവര്‍ത്തനത്തില്‍ സ്‌നേഹിതയില്‍ എത്തിയ പരാതികള്‍. എഡിഎം കെ.രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌നേഹിതയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു. അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി വിനോദ് പിളള, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനോയ,് വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍ ശ്രീദേവി, വനിത പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ സന്നദ്ധ സംഘടന പ്രതിനിധികള്‍, സ്‌നേഹിത പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാനസികവും ശാരീരികവുമായ അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നതിന് സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന സംവിധാനമാണ് സ്‌നേഹിത. ഒരു മുഴുവന്‍ സമയം വനിത അഭിഭാഷകയുടെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു. കൗണ്‍സിലര്‍, സര്‍വ്വീസ് പ്രൊവൈഡര്‍, സെക്യൂരിറ്റി, കെയര്‍ടേക്കര്‍ എന്നിവരുടെ സേവനം  സ്‌നേഹിതയില്‍ ലഭ്യമാണ്. പരിശീലന കളരികളും ബോധവത്ക്കരണ ക്ലാസുകളും കൗണ്‍സിലിംഗും 24 മണിക്കൂര്‍ ടെലി കൗണ്‍സിലിംഗ് സംവിധാനവും ഇവിടെ ലഭ്യമാണ്. ഏറ്റുമാനൂര്‍ സിയോണ്‍ കവലയ്ക്കു സമീപം കുറ്റിക്കാട്ടില്‍ ബില്‍ഡിംഗിലാണ് സ്‌നേഹിത  പ്രവര്‍ത്തിക്കുന്നത്. ടോള്‍ ഫ്രീ നമ്പര്‍- 18004252049, ഫോണ്‍: 0481 2538555 

                                                    (കെ.ഐ.ഒ.പി.ആര്‍-2146/17)

date