Skip to main content

വിവേകാനന്ദസ്പര്‍ശം ജില്ലാതല  ആഘോഷം ഇന്ന്(20) പത്തനംതിട്ടയില്‍ 

 

 സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെയും ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ആഘോഷ പരിപാടിയായ വിവേകാനന്ദസ്പര്‍ശം ഇന്ന്(20) വൈകിട്ട് ആറിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. വീണാ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എംഎല്‍എമാരായ അടൂര്‍ പ്രകാശ്, രാജുഎബ്രഹാം, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍.സദാശിവന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ നിര്‍വഹിക്കും. 

രാത്രി ഏഴിന് ഭാരത് ഭവന്റെ ഉത്തിഷ്ഠത ജാഗ്രത എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് കേരളത്തിലെ നവോത്ഥാന കാലഘട്ടത്തെയും വിവേകാനന്ദ ദര്‍ശനങ്ങളെയും ഓര്‍മപ്പെടുത്തുന്ന മള്‍ട്ടിമീഡിയ മെഗാഷോ നവോത്ഥാന ദൃശ്യസന്ധ്യ ഭാരത് ഭവന്‍ അവതരിപ്പിക്കും. 24 പേരടങ്ങുന്ന ഗായകസംഘം വേദിയുടെ ഇരുവശങ്ങളിലുമായി നിന്ന് എട്ട്    വാദേ്യാപകരണങ്ങളുടെ സഹായത്താല്‍ നവോത്ഥാന ഗീതങ്ങള്‍ ആലപിക്കുമ്പോള്‍, ഓരോ ഗാനത്തിനും വേദിയുടെ മധ്യഭാഗത്തായി 16 പേരടങ്ങുന്ന വനിതാ സംഘം ഗാനത്തിനനുസരിച്ച് നൃത്തം ചെയ്യും. പിന്നില്‍ ദൃശ്യപശ്ചാത്തലങ്ങള്‍ക്കായി എല്‍.ഇ.ഡി വീഡിയോ വാളും ഉപയോഗപ്പെടുത്തും. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും നാടക ചലച്ചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂരാണ് നവോത്ഥാന ദൃശ്യസന്ധ്യയുടെ സാക്ഷാത്കാരം നിര്‍വഹിക്കുന്നത്. 

ഇന്ന് (20) ഉച്ച കഴിഞ്ഞ് രണ്ടിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വിവേകാനന്ദ ദര്‍ശനവും സമകാലിക ഭാരതവും എന്ന വിഷയത്തില്‍ ആര്‍.അജയകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് ഉദ്ഘാടനം ചെയ്യും. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിര്‍വിണ്ണാനന്ദ സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ വിഷയാവതരണം നടത്തും. ചര്‍ച്ചയില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. റ്റി.കെ.ജി.നായര്‍, ബുക്ക്മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, മാനേജിംഗ് കമ്മിറ്റിയംഗം രാജന്‍ വര്‍ഗീസ്  തുടങ്ങിയവര്‍ പങ്കെടുക്കും.                   (പിഎന്‍പി 3423/17)

date