Skip to main content

നിപ:  അടിയന്തര സാഹചര്യം നേരിടാന്‍ ജില്ല തയ്യാര്‍ പൊതുചടങ്ങുകള്‍ മുന്‍കൂട്ടി അറിയിക്കണം

നിപ യുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു.  കളക്ടറേറ്റില്‍ നടന്ന ആരോഗ്യവകുപ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്‌ലയിലെ സംവിധാനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. അത്യാവശ്യ മരുന്നുകളുടെയും കിറ്റുകളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. നിപ ബാധിച്ചെന്നു സംശയിക്കുന്ന രോഗികളെ മെഡിക്കല്‍ കോളേജിലേക്ക,് മറ്റു ക്‌ളിനിക്കുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യുന്നതിന് മുമ്പ്  ജില്ലാ മെഡിക്കല്‍ ഓഫീസറുമായി നിര്‍ബന്ധമായും ബന്ധപ്പെട്ടിരിക്കണം. റഫര്‍ ചെയ്യുന്ന രോഗികളുടെ ഫോണ്‍നമ്പരടക്കമുള്‌ള വിശദവിവരങ്ങളും രോഗിയെ അനുഗമിക്കുന്നവരുടെ വിശദവിവരങ്ങളും ഡിഎംഒ-യ്ക്ക് കൈമാറണം. രോഗികളെ വേണ്ട സുരക്ഷാമാര്‍ഗങ്ങളവലംബിച്ച ശേഷം ആംബുലന്‍സില്‍ മാത്രമെ കൊണ്ടു വരാവൂ. ആംബുലന്‍സ്  സൗകര്യത്തിനായി ഡിഎസ്ഒ അല്ലെങ്കില്‍ ആര്‍സിഎച്ചിനെ 9947068248 അല്ലെങ്കില്‍ 9947795140  നമ്പരില്‍ ബന്ധപ്പെടണം.  ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക്  ആവശ്യമായ പരിശീലനം നല്കും.

 

പനിബാധിച്ച് ഓ പി യില്‍ എത്തുന്നവരെ മറ്റു രോഗികളുമായുള്ള സമ്പര്‍ക്കമില്ലാതെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിനുള്ള സംവിധാനം കാര്യക്ഷമമാക്കും.നിപയുമായി ബന്ധപ്പെട്ട്  പൊതുജനങ്ങളും ചില മുന്‍കരുതലുകളെടുക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. സ്വയംചികിത്സ പാടില്ല. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ വൃത്തിയായി സോപ്പിട്ടു കഴുകണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. നിപ്പയ്ക്കു പുറമെ എച്ച് വണ്‍ എന്‍ വണ്‍, മഞ്ഞപ്പിത്ത സാധ്യതയുമുള്ളതിനാല്‍ ശുദ്ധമായ വെള്ളവും വൃത്തിയുള്ള ഭക്ഷണവും കഴിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം എന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

 

പൊതുചടങ്ങുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നും  മഞ്ഞപ്പിത്തം പടരാന്‍ സാധ്യതയുളളതിനാല്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ മുന്‍കൂട്ടി അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയെയും ഹെല്‍ത്ത് ഓഫീസറെയും അറിയിച്ചിരിക്കണം. ചടങ്ങുകളില്‍ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്നാണെന്ന് വ്യക്തമാക്കണം.  ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഫുഡ് സേഫ്റ്റി ജീവനക്കാരും ഉള്‍പ്പെടുന്ന സംഘം പൊതുചടങ്ങുകളിലെ ഭക്ഷണവും വെള്ളവും പരിശോധിക്കും.

 

 

മഞ്ഞപ്പിത്തം:: വെള്ളം വിതരണം ചെയ്തയാള്‍ക്കെതിരെ കേസ്

 

ചങ്ങരോത്ത് പഞ്ചായത്തില്‍ നടന്ന ഒരു പൊതുചടങ്ങില്‍ ഉപയോഗിച്ച് വെള്ളത്തില്‍ നിന്നാണ് മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് . മാലിന്യം കലര്‍ന്ന വെള്ളം ആ ചടങ്ങില്‍ വിതരണം ചെയ്ത രാമകൃഷ്ണന്‍, മണ്ടോത്ത്, കൈതക്കല്‍   എന്നയാള്‍ക്കെതിരെ ആരോഗ്യവകുപ്പ് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date