Skip to main content

അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തര കര്‍മപദ്ധതി തയാറാക്കി; ഉദേ്യാഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

 

കാലവര്‍ഷം മൂലം അണക്കെട്ടുകള്‍ തുറന്നു വിടുന്ന സാഹചര്യത്തില്‍ ഓരോ വകുപ്പുകളും ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഊര്‍ജിതപ്പെടുത്തുമെന്നും, അടിയന്തര കര്‍മ പദ്ധതി തയാറാക്കിയതിലൂടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര കര്‍മ പദ്ധതി പരിചപ്പെടുത്തുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. സമഗ്രമായ കര്‍മ പദ്ധതി തയാറാക്കിയതിലൂടെ ദുരന്തത്തിന്റെ വ്യാപ്തി ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും കളക്ടര്‍ പറഞ്ഞു.

കെഎസ്ഇബിയുടെ അഞ്ച് അണക്കെട്ടുകളാണ് ജില്ലയിലുളളത്. പമ്പ, ആനത്തോട്, കക്കി, മൂഴിയാര്‍, വെളുത്തോട് അണക്കെട്ടുകള്‍ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായാണ് നിര്‍മിച്ചിട്ടുളളത്. 340 മെഗാവാട്ട് സ്ഥാപിത ശേഷിയുളള ശബരിഗിരി പദ്ധതി കേരളത്തിലെ രണ്ടാമത്തെ വലിയ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടാണ്. ശരാശരി 1338 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഈ ഡാമുകളുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളാണ് അടിയന്തര കര്‍മ പദ്ധതി.  

കേരളത്തിലെ അണക്കെട്ടുകളില്‍ അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട ആക്ഷന്‍ പ്ലാനിന് രൂപം നല്‍കിയിട്ടില്ലെന്ന് 2017 ലെ സി.എജി (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്)വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ജലകമ്മിഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകള്‍ക്കായി അടിയന്തര കര്‍മ പദ്ധതി തയാറാക്കിയിട്ടുളളത്. അണക്കെട്ട് തകരുമ്പോഴോ കൂടുതല്‍ അളവില്‍ വെളളം പുറത്തുവിടുമ്പോഴോ ജീവനും സ്വത്തുവകകള്‍ക്കുമുണ്ടാകുന്ന നഷ്ടം കുറയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതിലൂടെ സാധിക്കും. അണക്കെട്ട് തകരുമ്പോള്‍ വെളളമൊഴുകാന്‍ സാധ്യതയുളള പ്രദേശങ്ങളുടെ വിവരങ്ങള്‍, പ്രളയ ഭൂപടം, അടിയന്തര അറിയിപ്പ് സംവിധാനം, ആശയവിനിമയം, വെളളപ്പൊക്ക നിയന്ത്രണം, ജനങ്ങളെ ഒഴിപ്പിക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. 

പഞ്ചായത്ത്, വില്ലേജ്, താലൂക്ക് തുടങ്ങി എല്ലാ തലങ്ങളിലുമുളള ഉദ്യോഗസ്ഥരും കര്‍മ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. പ്രധാനമായും അഞ്ച്ഘട്ടങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്ഇബി അധികൃതര്‍ അണക്കെട്ടിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ന്ന് അടിയന്തര സാഹചര്യമുണ്ടോയെന്ന് പരിശോധിക്കും. ഇത്തരം സാഹചര്യത്തില്‍ ദുരന്തനിവാരണ വിഭാഗത്തിന് അറിയിപ്പ് നല്‍കും. ശേഷം പോലീസ്, അഗ്‌നിശമന സേന, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ വിഭാഗം തുടര്‍നടപടികള്‍ സ്വീകരിക്കും.

തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗിലെ പ്രൊഫ. പി ജയരാജ് ക്ലാസ് നയിച്ചു. ജില്ലാ പോലീസ് മേധാവി ജി ജയദേവ്, സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, എഡിഎം ക്ലമന്റ് ലോപ്പസ്, കെഎസ്ഇബി ചീഫ് എന്‍ജിനിയര്‍ ബിപിന്‍ ജോസഫ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.മോഹനന്‍, ഫയര്‍ ഓഫീസര്‍ എം ജി രാജേഷ്, റാന്നി ഡിഎഫ്ഒ എം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                   (പിഎന്‍പി 1356/19)

date