Skip to main content

ആശുപത്രി ജീവനക്കാര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിശീലനം നല്‍കും

ജില്ലയിലെ ആശുപത്രി ജീവനക്കാര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പകര്‍ച്ച വ്യാധികള്‍ പിടിപെടുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും മുന്നൊരുക്കങ്ങളും സംബന്ധിച്ചായിരിക്കും പരിശീലനം. അടിയന്തര സന്ദര്‍ഭങ്ങളില്‍ ഇടപ്പെടുന്നതിന് ഓരോ ആശുപത്രിയിലും പ്രത്യേക സംഘത്തെ തയ്യാറാക്കി നിര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പരിശീലനം നല്‍കുക. പകര്‍ച്ച വ്യാധികള്‍  റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാ ണെങ്കില്‍ പാലിക്കേണ്ട രീതിയും രോഗി പരിചരണവും സംബന്ധിച്ചാണ് പരിശീലനം നല്‍കുക.  ജൂണ്‍ 15നകം പരിശീലനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
രോഗിയെ കൊണ്ട് പോകുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക കാര്യങ്ങളെ കുറിച്ചും മുന്നൊരുക്കത്തെ കുറിച്ചുമാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുക. കഴിഞ്ഞ വര്‍ഷവും ഡ്രൈവര്‍മാര്‍ക്ക് ജില്ലയില്‍ പരിശീലനം നല്‍കിയിരുന്നു. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മാരകമായ പകര്‍ച്ച വ്യാധികള്‍ പുതുതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യോഗം വിലയിരുത്തി. വളര്‍ത്തു മൃഗങ്ങളിലും ഫാമുകളിലും നിരീക്ഷണം നടത്തുന്നുണ്ടെന്നും അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ഡിഎംഒ ഡോ. കെ സക്കീന, ആയുര്‍വേദ ഡിഎംഒ ഡോ. കെ സുശീല, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ മുഹമ്മദ് ഇസ്മയില്‍, മഞ്ചേരി മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. പിഎം അനിത, ആശുപത്രി അധികൃതര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കണ്‍ട്രോള്‍ റൂം
പകര്‍ച്ച വ്യാധി  ആശങ്കയകറ്റാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനും ജില്ലാമെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജെന്‍സി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുന്നു.  0483- 2737857, 9544060973.

 

date