Skip to main content

ഹരിതം-സഹകരണ പദ്ധതി- കശുമാവിന്‍ തൈകളുടെ വിതരണത്തിന് ജില്ലയില്‍ തുടക്കമായി 10000 കശുമാവിന്‍തൈകള്‍ നടും

       സഹകരണവകുപ്പ് നടപ്പാക്കുന്ന ഹരിതം-സഹകരണ പദ്ധതിയുടെ ഈ വര്‍ഷത്തെ   പദ്ധതിയായ 10,000 കശുമാവിന്‍  തൈകളുടെ വിതരണത്തിന് മലപ്പുറം സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം  മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ കശുമാവിന്‍ തൈകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി കൊണ്ട് നിര്‍വഹിച്ചു. മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി അധ്യക്ഷനായി. സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഏലിയാസ് എം.കുന്നത്ത് വിശിഷ്ടാതിഥിയായി. പദ്ധതിയുടെ ഭാഗമായി സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ജില്ലയില്‍ 10,000 കശുമാവിന്‍ തൈകളാണ് വെച്ചുപിടിപ്പിക്കുന്നത്. കശുവണ്ടി വ്യവസായത്തിന്റെ പ്രതിസന്ധിക്ക് പരിഹാരമായി കശുവണ്ടി തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജൂണ്‍  30 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ സഹകരണ സംഘവും 10 തൈകള്‍ നട്ട് പരിപാലിക്കും. എല്ലാ സഹകരണ സ്ഥാപനങ്ങളും തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്ന സ്ഥലത്തും വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കും. പൊതുജനങ്ങള്‍ക്ക് പരമാവധി വൃക്ഷത്തെകള്‍ നല്‍കും. ഓരോ സഹകരണ സംഘങ്ങളും ആവശ്യമായി വരുന്ന തൈകള്‍ സ്വന്തമായി ഉല്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.
പദ്ധതി പ്രകാരം അടുത്ത അഞ്ചുവര്‍ഷം  കൊണ്ട് സംസ്ഥാനത്ത് അഞ്ചു ലക്ഷം ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാനാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തീം ട്രീസ് ഓഫ് കേരള എന്ന പേരില്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതിയിലൂടെ പ്ലാവ്, കശുമാവ് , തെങ്ങ്, പുളി, മാവ് എന്നീ മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്.
 സംസ്ഥാന സര്‍ക്കാര്‍ തുടക്കംകുറിച്ച ഹരിത കേരള പദ്ധതിക്ക് പിന്തുണ നല്‍കികൊണ്ടാണ് ഹരിതം സഹകരണ പദ്ധതിക്ക്  സഹകരണവകുപ്പ് തുടക്കംകുറിച്ചത്. കഴിഞ്ഞവര്‍ഷം(2018) പ്ലാവിന്‍ തൈകളാണ് വിതരണം ചെയ്തത്. 2020ല്‍ തെങ്ങ്, 2021ല്‍ പുളി, 2022ല്‍ മാവ് എന്നിങ്ങനെ നട്ടുപിടിപ്പിക്കാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.
പരിപാടിയില്‍ സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.ശ്രീഹരി, ഡെപ്യൂട്ടി രജിസ്ട്രാര്‍  ടി.അഷ്‌റഫ്, അസിസ്റ്റന്റ് രജിസ്ട്രാര്‍  എ.പി സുമേഷ്, മലപ്പുറം സര്‍വീസ് സഹകരണബാങ്ക്  സെക്രട്ടറി കെ.പി രാജീവ്, പ്രധാനധ്യാപിക സിസ്റ്റര്‍ ലൂസീന, പി.ടി.എ പ്രസിഡന്റ്  ഹാരിസ് ആമിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date