തേനീച്ച കൃഷി; പരീക്ഷണത്തില്‍ വിജയമധുരം നുണഞ്ഞ് മധുരിമ സൊസൈറ്റി
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ തേനീച്ച കൃഷി അയര്‍ക്കുന്നം മധുരിമ തേന്‍ സൊസൈറ്റിയിലെ തേനീച്ച കര്‍ഷകര്‍ക്ക് നല്‍കിയത് വിജയ മധുരം. 34 കര്‍ഷകര്‍ ചേര്‍ന്നു നടത്തിയ കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പില്‍ 15 പെട്ടികളില്‍ നിന്ന് 45 കിലോയോളം തേന്‍ സംഭരിച്ചു. ഒരു കിലോ തേനിന് 350 രൂപ എന്ന നിരക്കിലാണ് വില്‍പന.
റബര്‍ തോട്ടങ്ങള്‍ തേന്‍ തോട്ടങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമ പഞ്ചായത്തിന്‍റെ 2018-19ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തേനീച്ച കൃഷിയ്ക്ക് തുടക്കം കുറിച്ചത്. ആത്മയുടെ സഹകരണത്തോടെ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. ഹോര്‍ട്ടികോര്‍പിന്‍റെ മാവേലിക്കരയിലുള്ള പരിശീലന കേന്ദ്രത്തിലായിരുന്നു തേനീച്ച പെട്ടികളുടെ സംരക്ഷണം, മാറ്റി സ്ഥാപിക്കല്‍, തേനില്ലാത്ത കാലത്ത് തേനീച്ചകള്‍ക്ക് കൃത്രിമാഹാരം നല്‍കല്‍, തേനെടുക്കല്‍, ശുദ്ധീകരണം തുടങ്ങിയവയിലുള്ള പരിശീലനം.
അയര്‍ക്കുന്നം പ്രദേശത്ത് റബ്ബര്‍ കൃഷി വ്യാപകമായുളളത് അനുകൂല ഘടകമായെന്ന് കൃഷി ഓഫീസര്‍ അനീന പറഞ്ഞു. സൊസൈറ്റി അംഗവും പള്ളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായ സുജ കോയിപ്പുറത്തിന്‍റെ റബര്‍ തോട്ടത്തിലാണ് തേനീച്ച പെട്ടികള്‍ സ്ഥാപിച്ചിരിക്കുന്നത്. ഹോര്‍ട്ടികോര്‍പിന്‍റെ പരിശീലകനായ പി.ആര്‍. മുരളീധരന്‍റെ നേതൃത്വത്തിലായിരുന്നു തേന്‍ സംഭരണവും ശുദ്ധീകരണവും.
തേനീച്ച കൃഷി വ്യാവസായികാടിസ്ഥാനത്തില്‍ വ്യാപിപ്പിക്കാനും സൊസൈറ്റി ലക്ഷ്യമിടുന്നു. തേന്‍ ശുദ്ധീകരണത്തിനു ശേഷം ലഭിക്കുന്ന മെഴുക് ഉപയോഗിച്ച് ചര്‍മ്മസംരക്ഷണത്തിനുളള ആയുര്‍വേദ ഉല്പന്നങ്ങളുടെ നിര്‍മ്മാണവും പരിഗണനയിലുണ്ട്.
- Log in to post comments