Skip to main content

കുറ്റിപ്പുറം ജലനിധി: സ്ഥിരം ജലലഭ്യത ഉറപ്പുവരുത്താന്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതായി ജലവിഭവ വകുപ്പ് മന്ത്രി

 

കുറ്റിപ്പുറം ജലനിധി പദ്ധതിയിലൂടെ സ്ഥിരം ജലലഭ്യത  ഉറപ്പുവരുത്താന്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതായി ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കുറ്റിപ്പുറം പഞ്ചായത്തിലെ ജലനിധി ഗുണഭോക്താക്കള്‍ക്ക്  കാര്യക്ഷമമായ രീതിയില്‍ വെള്ളം എത്തിക്കാനുള്ള അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് ആബിദ് ഹുസൈന്‍ തങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കോട്ടക്കല്‍ നിയമസഭാ മണ്ഡലത്തിലുള്‍പ്പെട്ട കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തില്‍ ജലനിധി പദ്ധതിയിലൂടെയാണ്  കുടിവെള്ള വിതരണം ചെയ്ത് വരുന്നത്. ഈ ജലനിധി സ്‌കീമിലേക്ക് കേരള വാട്ടര്‍ അതോറിറ്റിയുടെ തിരുനാവായ സമഗ്ര കുടിവെള്ള പദ്ധതിയില്‍ നിന്നും ബള്‍ക്ക് മീറ്ററിലൂടെ കേരള വാട്ടര്‍ അതോറിറ്റി  കിലോ ലിറ്ററിന് ആറ് രൂപ നിരക്കില്‍ പ്രതിദിനം 1.7 ദശലക്ഷം ലിറ്റര്‍ (എം.എല്‍.ഡി) വെള്ളം വിതരണം ചെയ്യാനാണ് കരാര്‍ വെച്ചിട്ടുള്ളത്.  എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ 0.9 എം.എല്‍.ഡി വെള്ളം വിതരണം ചെയ്യാന്‍ മാത്രമേ സാധ്യമാകുന്നുള്ളു എന്നും സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് റോഡിന്റെ പ്രവൃത്തി തുടങ്ങുന്നതിലെ കാലതാമസവും മറ്റ് പ്രയാസങ്ങളും കാരണത്താല്‍ ഈ റോഡില്‍ പൈപ്പ് ലൈന്‍  ഇടുന്നതിന്  കാലതാമസം നേരിട്ടിരുന്നു.  റോഡിലെ ഡിസ്ട്രിബ്യൂഷന്‍ ലൈന്‍ പൂര്‍ത്തീകരിക്കുകയും ഗ്രാവിറ്റി മെയിന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഒരാഴ്ചക്കകം പൂര്‍ത്തീകരിക്കും. ഇതിന് പുറമെ ഇന്‍ടേക്ക് കിണറില്‍ നിന്നും ഒരേ സമയം രണ്ട് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച്  പമ്പിങ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിലവിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിന്റെ പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലാണ്. തിരുനാവായ റെയില്‍വേ സ്റ്റേഷന്റെ സമീപത്തായി പദ്ധതിയുടെ പമ്പിങ് മെയിനിലെ ചോര്‍ച്ച മൂലം ഒരാഴ്ച പമ്പിങ്  നിര്‍ത്തി വെക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു. ഇതിന്  സ്ഥിരം പരിഹാരം കാണുന്നതിനായി റെയില്‍വേ പാതക്ക് കുറുകെ നിലവിലെ ലൈനിന് സമാന്തരമായി പൈപ്പ് ലൈന്‍ പ്രവൃത്തിക്കായുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി വരുന്നതായും പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് ജലലഭ്യത ഉറപ്പ് വരുത്തുമെന്നും എം.എല്‍.എയുടെ സബ് മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

 

date