പച്ചത്തുരുത്ത് : തൊഴിലുറപ്പ് പദ്ധതിയില്‍ തയ്യാറാക്കുന്നത് 27 ലക്ഷം തൈകള്‍
തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്കായി തൊഴിലുറപ്പ് പദ്ധതിയില്‍ തയ്യാറാക്കുന്നത് 27 ലക്ഷം തൈകള്‍. അഞ്ച് ലക്ഷം ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 18 പഞ്ചായത്തുകളെയാണ് ജില്ലയില്‍ തിരഞ്ഞെടുത്തിട്ടുള്ളത്.
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജൈവവൈവിദ്ധ്യ ബോര്‍ഡ്, കൃഷിവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. ചുരുങ്ങിയത് അര സെന്റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരു ത്തുകള്‍ സ്ഥാപിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗര ഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പച്ചത്തുരുത്തുകള്‍ സ്ഥാപിക്കും. ജില്ലയില്‍ 18 തദ്ദേശ സ്ഥാപന ങ്ങളിലായി 130 ഏക്കര്‍ സ്ഥലം ഇതിനകം പദ്ധതിക്കായി തെരഞ്ഞെടുത്ത് കഴിഞ്ഞു. കൂടുതല്‍ സ്ഥലങ്ങള്‍ പദ്ധതിക്കായി കണ്ടെത്തിവരികയാണ്. അഞ്ച് വര്‍ഷത്തെ പരിപാലനം കൂടി ഉറപ്പ് വരുത്തിയാണ് തൈകള്‍ നടുന്നത്.
പരിശീലനം നല്‍കി
പച്ചത്തുരുത്ത് പദ്ധതി നടത്തിപ്പിനായി ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം, പാലക്കാട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും പരിശീലനം നല്‍കി. പ്ലാനിങ് ഓഫീസ് സമ്മേളന ഹാളില്‍ നടത്തിയ പരിശീലനം ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഹാജറുമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി ജോയന്റ് പ്രോഗ്രാം കോഡിനേറ്റര്‍മാരായ പ്രീതിമേനോന്‍ (മലപ്പുറം) , കെ ലതിക (പാലക്കാട്) ഹരിതകേരളം മിഷന്‍ ജില്ല കോഡിനേറ്റര്‍ പി രാജു (മലപ്പുറം), വൈ കല്ല്യാണകൃഷ്ണന്‍ (പാലക്കാട്), ബയോഡൈവേഴ്സിറ്റി കോഡിനേറ്റര്‍ മാരായ ഹൈദ്രോസ്‌കുട്ടി (മലപ്പുറം), ബാബു ബോണവഞ്ച (പാലക്കാട്), അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു.
- Log in to post comments