Skip to main content

ദേശീയപാത: പാണമ്പ്രയിലും ചേലേമ്പ്രയിലും സുരക്ഷയൊരുക്കാന്‍ നടപടി

 

അപകടമേഖലയായ ദേശീയപാത തേഞ്ഞിപ്പലം പാണമ്പ്ര വളവില്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ നടപടി. പാണമ്പ്ര വളവില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാനാവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍  25 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കി. ് പ്രവൃത്തി ടെന്‍ഡര്‍ ചെയ്തതായി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു.
ദേശീയപാത ചേലേമ്പ്ര സ്പിന്നിങ് മില്‍ മുതല്‍  ഇടിമുഴക്കലില്‍ ജില്ലാ അതിര്‍ത്തി വരെ റോഡ് വീതി കൂട്ടി ടാറ് ചെയ്യുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടിയും പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ പ്രവര്‍ത്തി നടപ്പാക്കുമെന്നും എം.എല്‍.എ അറിയിച്ചു. ഇരുപ്രദേശങ്ങളും അപകടമേഖലയായതിനാലാണ് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയായത്. പാണമ്പ്ര വളവിലും ചേലേമ്പ ദേശീയപാത വളവിലും പല തവണയായി നിരവധി വാഹനാപകടങ്ങളും ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. സിനിമ നടന്‍ ജഗതി ശ്രീകുമാര്‍ അപകടത്തില്‍പ്പെട്ടത് തേഞ്ഞിപ്പലം പാണമ്പ്ര ദേശീയപാത വളവിലാണ്.

 

date